ഇന്ത്യയുടെ പേരുമാറ്റത്തില്‍ പ്രതികരിച്ച് യുഎന്‍
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാന്‍ നീക്കം നടക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സംഘടന. പേരു മാറ്റാനുള്ള അപേക്ഷ ഔദ്യോഗികമായി ലഭിച്ചാല്‍ മാത്രമേ യുഎന്‍ നടപടി സ്വീകരിക്കൂ എന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഡപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി. തുര്‍ക്കിയുടെ പേര് ‘തുര്‍ക്കിയ’ എന്നാക്കിയതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയിരുന്നു ഫര്‍ഹാന്റെ വിശദീകരണം.
”തുര്‍ക്കിയുടെ കാര്യത്തില്‍, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കൈമാറിയ ഔപചാരിക അഭ്യര്‍ഥന പ്രകാരമാണ് നടപടി സ്വീകരിച്ചത്. അത്തരം അഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ പരിഗണിക്കും”- ഇന്ത്യയുടെ പേരു മാറ്റുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണു തുര്‍ക്കിയുടെ പേര് ‘തുര്‍ക്കിയ’ എന്നാക്കി മാറ്റിയത്. പേരുമാറ്റം ആവശ്യപ്പെട്ടു തുര്‍ക്കി ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നല്‍കുകയും യുഎന്‍ ഇത് അംഗീകരിക്കുകയുമായിരുന്നു. ടര്‍ക്കിക്കോഴിയുടെയും മറ്റും ഓര്‍മയുണര്‍ത്തുന്നതും മറ്റു നിഷേധസൂചനകളുള്ളതുമായ തുര്‍ക്കി എന്ന പേരു രാജ്യത്തിനു വേണ്ടെന്ന നിലപാടിലായിരുന്നു പേരുമാറ്റം.
ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന് അഭ്യൂഹം ഉയര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാക്കിയിരുന്നു.