ഡബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; ജയിലര്‍ നടന്‍ മാരിമുത്തു അന്തരിച്ചു
ജയിലര്‍ നടന്‍ മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍-രജനികാന്തിന്റെ ജയിലറാണ്.
വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രത്തിന്‍രെ വലംകൈ ആയി അഭിനയിച്ചത് മാരിമുത്തു ആയിരുന്നു. ജയിലറിലെ നടന്റെ കഥാപാത്രവും ശ്രദ്ധേയമായിരുന്നു. നടന്റെ വിയോഗത്തില്‍ തമിഴ് സിനിമയില്‍ നിന്ന് നിരവധിപേരാണ് അനുശോചനമര്‍പ്പിച്ചിരിക്കുന്നത്.
വസന്ത്, എസ് ജെ സൂര്യ എന്നിവര്‍ക്കൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച മാരിമുത്തു കണ്ണും കണ്ണും, ബുലിവാല്‍ എന്നീ രണ്ട് സിനിമകളുടെ സംവിധായകനായിട്ടുണ്ട്. തുടര്‍ന്നാണ് സിനിമയില്‍ അഭിനേതാവാകുന്നത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത യുത്തം സെയ് എന്ന ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തുകൊണ്ടാണ് മാരി മുത്തു ആദ്യമായി അഭിനയിക്കുന്നത്.