ഭീമന്‍ രഘു; ട്രോളുകള്‍ നിറയുന്നു

തൃശ്ശൂര്‍: ബി.ജെ.പി.യില്‍നിന്ന് സി.പി.എമ്മിലെത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ത്തന്നെ ട്രോളുകള്‍ നിറയുന്നു. രഘു ചെങ്കൊടി താഴെവെക്കണമെന്നും നേതൃത്വം രഘുവിനെ തള്ളിപ്പറയണമെന്നുമാണ് ഗ്രൂപ്പുകളില്‍ ആവശ്യമുയരുന്നത്.

കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സമയത്തുതന്നെയാണ് രഘുവിന്റെ പേരില്‍ പാര്‍ട്ടി പരിഹസിക്കപ്പെടുന്നതെന്നതും അണികളെ പ്രയാസപ്പെടുത്തുന്നു. സി.പി.എമ്മില്‍ ചേര്‍ന്നതിനുപിന്നാലെ ചുവന്ന ഷര്‍ട്ട് ധരിച്ച് എ.കെ.ജി. സെന്ററിനുമുന്നില്‍ ചെങ്കൊടി വീശിനിന്ന രഘുവിനെ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ചലച്ചിത്രപുരസ്‌കാരവിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍സമയവും എഴുന്നേറ്റുനിന്ന് കേട്ടതോടെ ട്രോളുകളുടെ പെരുമഴയായി.

ഇടതുസഹയാത്രികരില്‍പലരും രഘുവിന്റെ നടപടി നല്ലസന്ദേശമല്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തി. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെതിരേ മത്സരിക്കുമെന്നതടക്കമുള്ള പ്രതികരണങ്ങളും ട്രോളുകളായി. രഘു പറഞ്ഞതും പറയാത്തതും ട്രോളുകളായി ആഘോഷിച്ചുതുടങ്ങിയതോടെ സി.പി.എം. അണികള്‍ ചിരിക്കാനും കരയാനും വയ്യെന്ന അവസ്ഥയിലാണ്. പാര്‍ട്ടിസെക്രട്ടറി നേരിട്ടുസ്വീകരിച്ചയാളെന്നതിനാല്‍ രഘുവിനെ തള്ളിപ്പറയാനും വയ്യാ.

സിനിമാപ്രചാരണത്തിന് ചെങ്കൊടിയും പിടിച്ചെത്തിയതോടെ ചിലരെങ്കിലും പരസ്യമായി വിമര്‍ശനമുന്നയിച്ചുതുടങ്ങിയിട്ടുണ്ട്. സി.പി.എമ്മിന്റെ പ്രധാന ചാനല്‍മുഖമായ റെജി ലൂക്കോസ് രഘുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നുപറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും നിലവില്‍ പാര്‍ട്ടി നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ അജീഷ് കൈതക്കല്‍ തന്റെ പോസ്റ്റില്‍ ‘ആ ചെങ്കൊടി രഘുവിന്റെ കൈയില്‍നിന്ന് വാങ്ങിവെക്കണമെന്ന്’ പറയുന്നു. ഈ തുറന്ന നിലപാടിന് പാര്‍ട്ടി അനുഭാവികളായ ഒട്ടേറെപ്പേര്‍ കമന്റിലൂടെ പിന്തുണയറിയിച്ചിട്ടുമുണ്ട്.