പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പത്താന്‍കോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്.

സിയാല്‍കോട്ടില്‍ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാന്‍ നാല് ജെയ്ഷെ ഇഎം ഭീകരരെ പത്താന്‍കോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. ലത്തീഫ് 1994 നവംബറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യയില്‍ അറസ്റ്റിലായിരുന്നു. വിചാരണ ചെയ്യപ്പെടുകയും ഒടുവില്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ശിക്ഷ അനുഭവിച്ച ശേഷം 2010ല്‍ വാഗ വഴി പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടു.

1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയ കേസിലും ലത്തീഫ് പ്രതിയായിരുന്നു. 2010ല്‍ മോചിതനായ ശേഷം ലത്തീഫ് പാകിസ്ഥാനിലെ ജിഹാദി ഫാക്ടറിയിലേക്ക് മടങ്ങിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തില്‍ പറയുന്നു.