നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്
അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെവിട്ടുകൊണ്ടാണ് ജസ്റ്റുസുമാരായ അശ്വനി കുമാര്‍ മിശ്രയുടെയും സയിദ് അഫ്താബ് ഹുസൈന്‍ റിസവിയുടെയും ഉത്തരവ്.
കേസിലെ കൂട്ടുപ്രതി മൊനീന്ദരന്‍ സിങ് പാന്ഥറെ രണ്ടു കേസുകളില്‍ ഹൈക്കോടതി വെറുതെവിട്ടു. ഈ രണ്ടു കേസുകളില്‍ പാന്ഥര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലുകളിലാണ് ഉത്തരവ്.
2005-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2006ല്‍ ഓടയില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. നിതാരിയിലെ വീടിനു സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. വീട്ടുടമ പാന്ഥറും വീട്ടുജോലിക്കാരന്‍ കോലിയും കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം.