സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്.
സംഭവത്തില്‍ ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നായിരുന്നു സംഭവത്തില്‍ സുരേഷ് ഗോപിയുടെ ക്ഷമാപണത്തിന് ശേഷം മാധ്യമപ്രവര്‍ത്തക പ്രതികരിച്ചത്. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനമായിട്ടാണ് അനുഭവപ്പെട്ടതെന്നും അതുകൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും പറഞ്ഞ അവര്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇനി ഇത്തരത്തില്‍ അനുഭവമുണ്ടാകരുതെന്നും പ്രതികരിച്ചിരുന്നു.