ഭീകരവാദത്തെ പാലൂട്ടുന്നവര്‍ വന്‍ അപകടം ക്ഷണിച്ചുവരുത്തും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: അധികാരത്തിലേറാനും അധികാരം നിലനിര്‍ത്താനും വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ആഗോളഭീകരവാദത്തെ കേരളത്തില്‍ പാലൂട്ടുന്നവര്‍ ഭാവിയില്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
ജീവിതപ്രതിസന്ധിയില്‍ വഴിമുട്ടിനില്‍ക്കുമ്പോള്‍ സ്വന്തം ജനതയ്ക്ക് സംരക്ഷണമേകാതെ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന ഭരണസംവിധാനങ്ങളുടെ പരാജയം കേരളമിന്ന് നേരിടുകയാണ്. കാര്‍ഷികത്തകര്‍ച്ചയും, കര്‍ഷക ആത്മഹത്യകളും, വന്യജീവി അക്രമങ്ങളും, യുവജനങ്ങളുടെ നാടുവിട്ടുള്ള പലായനവും, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള തീവ്രവാദ അജണ്ടകളും, മദ്യമൊഴുക്കും, മയക്കുമരുന്ന് വ്യാപനവും, സംസ്ഥാനത്തിന്റെ കടക്കെണിയും, ഭരണധൂര്‍ത്തും, കേരളത്തിനെ ഗ്രസിച്ചിരിക്കുമ്പോള്‍ പരിഹാരം കാണാതെ ആഗോള ഭീകരവാദശക്തികള്‍ക്ക് തേനും പാലും നല്‍കി കേരളത്തില്‍ വേരുറപ്പിക്കുവാന്‍ അനുവദിക്കുന്ന സാഹചര്യം ഇരട്ടി പ്രഹരമാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭീകരവാദികള്‍ തകര്‍ത്തെറിഞ്ഞ കാശ്മീരായി മാറുവാന്‍ കേരളത്തെ യാതൊരു കാരണവശാലും സാക്ഷരസമൂഹം വിട്ടുകൊടുക്കരുത്.
ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന അക്രമപരമ്പരകളുടെ പിതൃത്വം ഏറ്റെടുത്ത് കേരള സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നവരും തെറ്റിദ്ധാരണകള്‍ പരത്തി ആഗോളഭീകരവാദത്തിന് കുടപിടിക്കുന്നവരും, ജനങ്ങളെ തെരുവിലിറക്കുന്നവരും, ഈ തലമുറയെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും. സാക്ഷരകേരളത്തില്‍ മതവര്‍ഗ്ഗീയ ചേരിതിരിവുകളില്ലാതെ സമാധാനവും ഐക്യവും പരസ്പര സൗഹാര്‍ദ്ദവും നിലനിര്‍ത്തി ജനങ്ങളുടെ ഭീതിയും ആശങ്കകളും അകറ്റുവാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും വിവിധ മതസമുദായിക സംവിധാനങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടത് അടിയന്തരമാണെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.