കുസാറ്റ് അപകടം; മരണകാരണം ശ്വാസം മുട്ടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കുസാറ്റ് അപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന 24 പേരെ ഡിസ്ചാര്‍ജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവില്‍ കഴിയുന്ന മൂന്നുപേരില്‍ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയില്‍ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം. 10 പേര്‍ ആശുപത്രിയില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അപകടത്തില്‍ മരിച്ച ആന്‍ റിഫ്റ്റയുടെ മൃതദേഹം നാളെ ഉച്ചക്ക് ശേഷം പറവൂരിലെ വീട്ടിലെത്തിക്കും. മറ്റന്നാള്‍ (ചൊവ്വാഴ്ച) രാവിലെ 11 മണി വരെ വീട്ടില്‍ പൊതു ദര്‍ശനം നടത്തിയതിന് ശേഷം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌ക്കാരം നടത്തും. ആന്‍ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്. കുട്ടിയുടെ അമ്മ ചൊവ്വാഴ്ച പുലര്‍ച്ച നാട്ടിലെത്തും.