കുട്ടിയെ കിട്ടിയത് തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചതിനാലെന്ന് സുധാകരന്‍
കണ്ണൂര്‍: തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചത് കൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
‘മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരെ അടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്നത് പിണറായിയുടെ പുതിയ കണ്ടുപിടുത്തമാണ്. രക്ഷാപ്രവര്‍ത്തനമെന്ന് പറയുന്ന പിണറായിയുടെ തല കൊണ്ട് പോയി ചെക്കപ്പ് ചെയ്യണം. ഏതെങ്കിലും മനുഷ്യര്‍ ഇത് ചെയ്യുമോ ജനസദസല്ല, ഗുണ്ടാ സദസാണ് നടക്കുന്നത്. രണ്ട് സ്റ്റെപ്പ് കയറാന്‍ ബസില്‍ ലിഫ്റ്റ് വച്ച പിണറായിയുടെ കാലിന് വാതമുണ്ടോ. ഇതില്‍ ജനത്തിന് ഉപകാരപ്രദമായ ഒന്നുമില്ല’. സിപിഎമ്മിന് പോലും ഇതറിയാമെന്നും സുധാകരന്‍ പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ലെന്നും സുധാകരന്‍ വിശദീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. ഇക്കാര്യം നേരത്തെ പറഞ്ഞതാണ്. കെ സി വേണുഗോപാല്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. ഹൈക്കമാന്‍ഡ് തീരുമാനം പോലെയിരിക്കുമിതെന്നും സുധാകരന്‍ വിശദീകരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വെളിപ്പെടുത്തിയത്. വടക്കേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹത്തിന് വയനാട്ടില്‍ നിന്നും വലിയ വാത്സല്യവും സ്നേഹവുമാണ് കിട്ടുന്നത്. പിന്നെ എന്തിന് മാറണമെന്നുമായിരുന്നു താരിഖ് അന്‍വറിന്റെ ചോദ്യം. സംഘടനാ ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ താരിഖ് തള്ളി. ലോക് സഭ തെരഞ്ഞെടുപ്പില്‍ കെ സി മത്സരിക്കില്ല., തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്നും താരിഖ് അന്‍വര്‍ വിശദീകരിക്കുന്നു.