ടോക്കിയോ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന് തീപിടിച്ചു, അഞ്ച് പേരെ കാണാതായി
ടോക്കിയോ: ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേഡ എയര്‍പോര്‍ട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
വടക്കന്‍ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ ഷിന്‍ ചിറ്റോസ് എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് ഹനേഡയില്‍ എത്തിയ ‘ഖഅഘ ഫ്ലൈറ്റ് 516’ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ ഉണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു.
തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 379 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ അടിയന്തരവാതിലിലൂടെ പുറത്തിറക്കി. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്. എഴുപതിലധികം ഫയര്‍ എഞ്ചിനുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കോസ്റ്റ് ഗാര്‍ഡ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.