യുക്രൈനില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം
കീവ്: യുക്രൈയിനില്‍ വീണ്ടും വ്യോമാക്രമണം നടത്തി റഷ്യ. ഇരുന്നൂറിലധികം ഡ്രോണുകള്‍ ഒറ്റരാത്രി ആക്രമണം നടത്തിയതായി യുക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി ഞായറാഴ്ച പറഞ്ഞു. റഷ്യ- യുക്രൈനില്‍ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രണമാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ‘വ്യോമ ഭീകരത’യെ അപലപിച്ച സെലന്‍സ്‌കി യുക്രൈന്റെ സഖ്യകക്ഷികള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. എപ്പോഴും, വ്യോമ ഭീകരതയ്‌ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ നിലകൊള്ളുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ്, റഷ്യ യുക്രൈനെതിരെ അധിശക്തമായ ഡ്രോണ്‍ ആക്രമണം നടത്തിയത്. ഖാര്‍കീവ്, പൊള്‍താവ, സുമി, കീവ്, ചെര്‍ണിവ്, ഒഡേസ എന്നിവ ഉള്‍പ്പെടെ പതിമൂന്നിടങ്ങളിലാണ് ഒറ്റദിവസം റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയത്. അഞ്ച് പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് 267 ഡ്രോണുകള്‍ ഉപയോഗിച്ചതായാണ് വിവരം. ഇതില്‍ 138 ഡ്രോണുകള്‍ യുക്രൈന്‍ വെടിവെച്ചിട്ടുണ്ട്. 119 എണ്ണം ഇലക്ട്രോണിക് യുദ്ധവിമാനങ്ങള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് റഡാറുകളില്‍ നിന്ന് അപ്രത്യക്ഷമായെന്ന് യുക്രൈന്‍ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായും യുക്രൈന്‍ കൂട്ടിച്ചേര്‍ത്തു.
വ്യോമ പ്രതിരോധം തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, യുക്രൈയിനെതിരെ മാസങ്ങളായി റഷ്യ ഡ്രോണ്‍ ആക്രമണം നടത്തി വരികയാണ്. കഴിഞ്ഞ ആഴ്ചകളിലായി ഏകദേശം 1,150 ആക്രമണ ഡ്രോണുകളും 1,400-ലധികം ഗൈഡഡ് ഏരിയല്‍ ബോംബുകളും 35 മിസൈലുകളും റഷ്യ വിക്ഷേപിച്ചതായി സെലന്‍സ്‌കി പറഞ്ഞു.