വീണ്ടും അഭിമാന നേട്ടം; പ്രണവ് ലോക ജൂനിയര്‍ ചെസ് ചാംപ്യന്‍

ലോക ചെസ് വേദിയില്‍ നിന്ന് ഇന്ത്യക്ക് വീണ്ടുമൊരു അഭിമാന നേട്ടം. പ്രണവ് വെങ്കടേഷ് ലോക ജൂനിയര്‍ ചെസ് ചാംപ്യനായതോടെയാണ് ഗുകേഷിന് പിന്നാലെ ലോകത്തിന് മുന്‍പില്‍ ഇന്ത്യ വീണ്ടും തല ഉയര്‍ത്തി നില്‍ക്കുന്നത്. 157 കളിക്കാരെ പിന്നിലാക്കിയാണ് പ്രണവ് മോണ്ടെനെഗ്രോയിലെ പെട്രോവാക്കില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായത്.

68 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ചാംപ്യന്‍ഷിപ്പിന് എത്തിയിരുന്നു. ഇതില്‍ 12 ഗ്രാന്‍ഡ് മാസ്റ്റര്‍മാരും ഉള്‍പ്പെട്ടിരുന്നു. വെസ്റ്റ്ബ്രിജ് എന്ന ലോക ചെസിലെ അതികായകന്‍ വിശ്വനാഥന്‍ ആനന്ദിന്റെ കീഴിലുള്ള അക്കാദമിയിലൂടെ വളര്‍ന്ന താരമാണ് പ്രണവ്. മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ചും ലോകത്തെ പ്രണവ് ഞെട്ടിച്ചിട്ടുണ്ട്.

മാറ്റിച് ലോറെന്‍തിച്ചിനെതിരായ മത്സരം സമനിലയായതോടെയാണ് പ്രണവ് കിരീടം നേടിയത്. 2023 നവംബറില്‍ നടന്ന ചാലഞ്ചേഴ്‌സ് മത്സത്തിലും പ്രണവ് ജയം പിടിച്ചിരുന്നു. ഇതിന് പിന്നാലെ ഡിസംബറില്‍ ലോക യൂത്ത് റാപ്പിഡ് ആന്‍ഡ് ബ്ലീറ്റ്‌സ് ചെസ് ചാംപ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ പ്രണവ് രണ്ട് സ്വര്‍ണം നേടി. ഇന്ത്യയില്‍ നിന്നുള്ള 75ാം ഗ്രാന്‍ഡ് മാസ്റ്ററാണ് പ്രണവ്.