സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുകെയും

ഡല്‍ഹി: ദീര്‍ഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദര്‍ശനവേളയിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിനം എന്ന് കരാറില്‍ ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എംഎസ്എംഇ മേഖലയ്ക്കും കരാര്‍ ഏറെ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. ‘കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, സമുദ്രവിഭവങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതികളുടെ തീരുവ കുറയ്ക്കുന്നതിലൂടുയും യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുകളില്‍ ഒന്നാണിതെന്ന് കരാറില്‍ ഒപ്പുവച്ച ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം യുകെ നടത്തുന്ന ഏറ്റവും വലുതും സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ടതുമായ വ്യാപാര കരാറാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്സില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാര്‍മറിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദര്‍ശനം.