നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല: ആവര്‍ത്തിച്ച് തലാലിന്റെ സഹോദരന്‍
സനാ: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണെന്നും അബ്ദുള്‍ ഫത്താഹ് മഹ്ദി പറഞ്ഞു. നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ല, പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഫത്താഹ് കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ റദ്ദാക്കിയെന്നും മോചനത്തിനായി ധാരണയായെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ ധീര്‍ ജെയ്സ്വാളും വ്യക്തമാക്കി.തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ഗുണം ചെയ്യില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസ് ഏറെ നിര്‍ണ്ണായകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രണ്‍ ധീര്‍ ജെയ്സ്വാള്‍ പറഞ്ഞു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അദേഹം പറഞ്ഞു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.