രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
ഐസിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച അത്യാധുനിക വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നും നമോ ഭാരത്, അമൃത് ഭാരത്, വന്ദേ ഭാരത്, വന്ദേ സ്ലീപ്പര്‍ തുടങ്ങിയ ട്രെയിനുകള്‍ രാജ്യത്തിന്റെ റെയില്‍ ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആദ്യത്തെ വന്ദേസ്ലീപ്പറില്‍ 16 കോച്ചുകള്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. ഇതിനെ, എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയര്‍, എസി 3-ടയര്‍ എന്നിങ്ങനെ മൂന്നു ക്ലാസുകളായി തിരിച്ചിരിക്കു. 1,128 യാത്രക്കാരെയാകും ട്രെയിന് ഉള്‍ക്കൊള്ളാനാവുക. അതേസമയം, ആദ്യ വന്ദേ സ്ലീപ്പര്‍ ട്രെയിനിന്റെ റൂട്ട് ഇതുവരെ അന്തിമമാക്കിയിട്ടില്ല. റെയില്‍വേ ബോര്‍ഡായിരിക്കും ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക.
യുഎസ്ബി ചാര്‍ജിംഗ് സൗകര്യമുള്ള ഇന്റഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗണ്‍സ്മെന്റ്, വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, ഡിസ്പ്ലേ പാനലുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് വന്ദേ സ്ലീപ്പര്‍ ട്രെയിനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, സുരക്ഷാ ക്യാമറകള്‍, മോഡുലാര്‍ പാന്ട്രികള്‍, ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകള്‍, ടോയ്ലറ്റുകള്‍ എന്നിവയുള്‍പ്പെടെ ലോകോത്തര സവിശേഷതകള്‍ ഇന്ത്യന്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഫസ്റ്റ് എസി കാര്‍ യാത്രക്കാര്‍ക്കായി കുളിക്കാന്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ട്രെയിനിലുണ്ട്.