ശ്വേത മേനോന്‍ A.M.M.A പ്രസിഡന്റ്; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് ലക്ഷിമിപ്രിയ ജയിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ശ്വേതയും കുക്കുവും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇത്തവണ പോളിംഗ് ശതമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ആകെയുള്ള അംഗങ്ങളില്‍ 298പേരാണ് വോട്ട് ചെയ്തത്. കടുത്ത മത്സരം നടന്നിട്ടും പോളിംഗില്‍ 12 ശതമാനം ഇടിവുണ്ടായി. 357പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. രണ്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

ശ്വേതാ മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ഓഗസ്റ്റ് 27ന് മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.