‘ആത്മാവിന്റെ സ്പന്ദനമാണെനിയ്ക്ക് സിനിമ’; ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഡല്‍ഹിയിലെ വിജ്ഞാന ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യന്‍ സിനിമാ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്.
‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’ എന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു. ഈ നിമിഷം മുഴുവന്‍ മലയാളം സിനിമയ്ക്കും അവകാശപ്പെട്ടതാണെന്നും ഈ ദിവസം യാഥാര്‍ത്ഥ്യമാകുമെന്ന് ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആരാധകരുടെയും മലയാളം സിനിമയിലെ മുന്‍ഗാമികളുടെയും പേരില്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നിറ കയ്യടികളോടെ ആയിരുന്നു മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഷാരൂഖ് ഖാന്‍ അടക്കം സദസ്സിലിരുന്ന എല്ലാവരും എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് ആദരം പ്രകടിപ്പിച്ചു. 2023 ലെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് മോഹന്‍ലാലിന് സമ്മാനിച്ചത്. സ്വര്‍ണകമലവും പത്തു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് പുരസ്‌കാരം നേടുന്ന മലയാളിയാണ് മോഹന്‍ലാല്‍.
അതേസമയം, 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഇന്ന് കൈമാറി. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും ഏറ്റുവാങ്ങി. ‘ജവാന്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്‌കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ ‘ട്വല്‍ത്ത് ഫെയില്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം സ്വന്തമാക്കി.