‘സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്ന രാജ്യം’; യുഎന്‍ രക്ഷാസമിതിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ
ഡല്‍ഹി: യുഎന്‍ സുരക്ഷാ സമിതിയില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനതയെ ബോംബെറിയുന്ന രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് വിമര്‍ശിച്ചു. സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള തുറന്ന സംവാദത്തിനിടെയാണ് പര്‍വതനേനി ഹരീഷ് പാക്കിസ്ഥാനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
പാക്കിസ്ഥാന്‍ വ്യവസ്ഥാപിതമായ വംശഹത്യയില്‍ ഏര്‍പ്പെടുന്നുവെന്നും തെറ്റിദ്ധാരണയിലൂടെയും അതിശയോക്തിയിലൂടെയും ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. എല്ലാ വര്‍ഷവും, ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് അവര്‍ കൊതിക്കുന്ന ജമ്മു കശ്മീരിനെതിരെ, പാക്കിസ്ഥാന്റെ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കാന്‍ ഞങ്ങള്‍ വിധിക്കപ്പെടുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
സ്ത്രീകള്‍, സമാധാനം, സുരക്ഷാ എന്നിവയില്‍ ഇന്ത്യയുടെ ചരിത്രം കളങ്കമില്ലാത്തതും കേടുപാടുകളിലാലത്തതുമാണ് അദ്ദേഹം പറഞ്ഞു. കശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗിക അതിക്രമങ്ങള്‍ സഹിക്കുകയാണെന്ന പാക്കിസ്ഥാന്‍ പ്രതിനിധിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1971-ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റിലൂടെ നാലുലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാന്‍ സ്വന്തം സൈന്യത്തിന് അനുമതി നല്‍കിയ രാജ്യമാണ് പാക്കിസ്ഥാന്‍. പാകിസ്ഥാന്റെ പ്രോപഗാന്‍ഡ ലോകം കാണുന്നുണ്ടെന്ന്, പര്‍വതനേനി ഹരീഷ് പറഞ്ഞു. നേരത്തെ, ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലും, സ്വന്തം ജനതയെ ബോംബിട്ടു കൊല്ലുന്ന രാജ്യമെന്ന് പാക്കിസ്ഥാനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു.