ഓസ്ട്രിയയില്‍ നഴ്‌സിംഗ് ഇനി മുതല്‍ കഠിന പ്രയത്നം ആവശ്യമായ തൊഴിലുകളുടെ ഗണത്തില്‍: അറിയാം പുതിയ നിയമഭേദഗതി

വര്‍ഗീസ് പഞ്ഞിക്കാരന്‍

വിയന്ന: നഴ്‌സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും വര്‍ഷങ്ങളോളം നടത്തിയ പോരാട്ടം വിജയത്തില്‍. നഴ്‌സിംഗ് തൊഴിലിലെ സാധ്യതകളും വെല്ലുവിളികളും ഒരുവശത്തു നിന്നും നോക്കി കാണുമ്പോള്‍, ആ മേഖലയില്‍ ജോലി ചെയ്തവര്‍ക്കും, ചെയ്യുന്നവര്‍ക്കും, ചെയ്യാന്‍ പോകുന്നവര്‍ക്കും ആശ്വാസമാകുന്ന വിധിയാണ് 2026 മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരുന്നത്.

പുതിയ തീരുമാനം നിയമപരമായ ഏകീകരിച്ചു എന്നതിനേക്കാള്‍ ഉപരിയായി നഴ്‌സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്‌ക്കരണം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്. ആതുരശുശ്രൂഷ അതിപ്രധാനമായ ഒരു സേവന – തൊഴില്‍ രംഗം ആണെന്നും, ശാരീരികമായും, വൈകാരികമായും, മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവാണ് ഓസ്ട്രിയ എന്ന രാജ്യം ഔദ്യോഗികമായി നിയമാക്കിയത്. ഇതോടെ സാമൂഹ്യ- തൊഴില്‍ രംഗത്തു വീണ്ടും ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി യൂറോപ്പിലെ ഈ കൊച്ചുരാജ്യം.

1977: കഠിനജോലി നിയമത്തിന്റെ തുടക്കം
യൂറോപ്പിലെ എന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും പഴയതും എന്നാല്‍ ഏറ്റവും ഫലപ്രദവുമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനില്‍ക്കുന്ന രാജ്യമായ ഓസ്ട്രിയയില്‍ 1977-ല്‍ ആദ്യമായി ‘രാത്രി ഷിഫ്റ്റ് – കഠിനാധ്വാന നിയമം’ പ്രാബല്യത്തില്‍ വന്നു. രാത്രിയില്‍ പതിവായി വളരെ കടുത്ത ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കുകയും അവര്‍ക്കു പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ നല്‍കുകയും ചെയ്തു തുടങ്ങി. ഇതോടെ അത്തരം ജോലിക്കാര്‍ക്ക് പ്രത്യേക സരംക്ഷണം ഒരുക്കണമെന്ന ചുമതലാബോധം രാജ്യത്തെങ്ങും വിഷയമായി.

ഖനിത്തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, വ്യവസായ തൊഴിലാളികള്‍, തീവ്ര ചൂടില്‍ അല്ലെങ്കില്‍ തണുപ്പില്‍ ജോലിചെയ്യുന്നവര്‍ തുടങ്ങിയവരൊക്കെയാണ് ഈ ഗണത്തില്‍പെടുത്തിയിരുന്നത്. കടുത്ത സാഹചര്യങ്ങളില്‍ ശാരീരികമായി കൂടുതല്‍ അദ്ധ്വാനം ഉപയോഗിച്ച് ഉപജീവനം നേടുന്നവര്‍ എന്നതായിരുന്നു ഈ നിയമത്തിന്റെ സംരക്ഷണം.

എന്നാല്‍ കാലക്രമേണ, രാത്രിയില്‍ ഉണര്‍ന്നിരുന്ന് രോഗികളെ പരിചരിക്കുന്നവരും മാനസികമായി ഒട്ടേറെ സമ്മര്‍ദം സഹിച്ചുകൊണ്ട് ജോലി ചെയ്യുന്നവരും ‘കഠിനാധ്വാനം’ ചെയ്യുന്നവരാണ് എന്ന ചിന്ത തൊഴിലാളിസംഘടനകളിലും സര്‍ക്കാരിന്റെ സാമൂഹ്യവകുപ്പകളിലും ചര്‍ച്ചയ്ക്കു വന്നു.

1990: വെല്ലുവിളികള്‍ക്ക് അനുശ്രുതമായ മാറ്റം പേരുകളില്‍
ആദ്യദശാബ്ദങ്ങളില്‍ ‘രാത്രി ഷിഫ്റ്റ്’ ജോലിയും ‘കഠിന’ തൊഴിലും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ 1977-ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ പേര് തന്നെ ‘രാത്രി ഷിഫ്റ്റ് – കഠിനാധ്വാന നിയമം’ എന്നായിരുന്നു. 1990-ല്‍ ഈ പദപ്രയോഗങ്ങളില്‍ വ്യത്യാസം വരുത്തി. ഈ നിയമം ‘കഠിന ജോലി’ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ‘കഠിനജോലിനിയമം’ എന്ന് മാത്രമായി (Schwerarbeitsgesetz).

‘രാത്രി ഷിഫ്റ്റ് ജോലി’ ഇനി പ്രത്യേകമായി നിര്‍വചിക്കേണ്ട ആവശ്യം ഇല്ലാതായി. രാത്രി ജോലി വഴിയോ പകല്‍ ജോലി വഴിയോ, ഷിഫ്റ്റിലോ ഷിഫ്റ്റല്ലാതെയോ ജോലിക്കാര്‍ ശാരീരികമോ മാനസികമോ ആയി തീവ്രമായ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മാത്രമായി പ്രസക്തി. തുടക്കത്തില്‍ ‘കഠിനാധ്വാനം’ കൊണ്ട് പ്രധാനമായും ശാരീരിക അധ്വാനം, ചൂട്, തണുപ്പ്, വളരെ ബുദ്ധിമുട്ടുള്ള അല്ലെങ്കില്‍ അപകടം നിറഞ്ഞ ജോലികളെയാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ആധുനിക തൊഴിലിടം പുതിയ സാഹചര്യങ്ങളും സമ്മര്‍ദങ്ങളും സൃഷ്ടിച്ചു. അതോടൊപ്പം ‘കഠിനാധ്വാനം’ എന്താണ് എന്ന ചോദ്യവും ചര്‍ച്ചയായി.

നഴ്സിംഗ്: കഠിന ജോലിയും വെല്ലുവിളികളും
നഴ്‌സിംഗില്‍ – ആതുരശുശ്രുഷരംഗത്ത് – ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. മറ്റുള്ളവര്‍ക്കായി നഴ്സുമാര്‍ രാവും പകലും ജോലി ചെയ്യുന്നു. പലപ്പോഴും സമയ സമ്മര്‍ദത്തിലും മതിയായ ജീവനക്കാരില്ലാതെയും നഴ്‌സുമാര്‍ പണിയെടുക്കേണ്ടി വരുന്നു. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് നഴ്‌സുമാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതിനെല്ലാം പുറമെ വൈകാരിക സമ്മര്‍ദ്ദവും നിറഞ്ഞതാണ് ആതുരശുശ്രൂഷാരംഗം. ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍, ബുദ്ധിഭ്രമമുള്ളവര്‍, തീരാരോഗികള്‍, ചലന സാധ്യത തീര്ത്തും കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ കഷ്ടതകള്‍ സഹിക്കുന്നവരുമായുള്ള ഇടപെടലും സഹവാസവുംഈ മേഖലയെ വെല്ലുവിളികള്‍ നിറഞ്ഞതാക്കുന്നു. കൂടെക്കൂടെ രോഗികളുടെ മരണവുമായുള്ള ഏറ്റുമുട്ടലിനെ നിസ്സഹാരരായി നേരിടേണ്ടിവരുന്നതിന്റെ പരിണതഫലങ്ങളും ആതുരസേവന ജോലിയെ കാഠിന്യമുള്ളതാക്കുന്നു.

2026: ഔദ്യോഗിക അംഗീകാരം
നഴ്‌സിംഗ് തൊഴിലുകളെ കഠിനാധ്വാനം വേണ്ടിവരുന്ന തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും വര്‍ഷങ്ങളോളം പോരാടികൊണ്ടിരുന്നു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് 2025 അവസാനത്തില്‍ ശ്കതമായൊരു തീരുമാനം ഈ മേഖലയില്‍ ഉണ്ടാകുന്നത്. 2026 ജനുവരി 1 മുതല്‍ ഓസ്ട്രിയയില്‍ നഴ്സിംഗിനെ ഔദ്യോഗികമായി കഠിന തൊഴിലായി അംഗീകരിക്കും.

50 ശതമാനമോ അതില്‍ കൂടുതലോ ജോലി സമയമുള്ള പാര്‍ട്ട് ടൈം തൊഴിലാളികളെയും ഭാവിയില്‍ പരിഗണിക്കും. കൂടാതെ, നഴ്സിംഗ് തൊഴിലുകളിലെ യഥാര്‍ത്ഥ സാഹചര്യം അര്‍ഹിക്കുന്ന വിധം പരിഗണിക്കുക എന്ന ലക്ഷ്യം നിറവേറ്റാനായി പ്രതിമാസം കഠിനാധ്വാന ജോലി ദിവസങ്ങളുടെ എണ്ണം 15-ല്‍ നിന്ന് 12 ആയി കുറയ്ക്കും. അതായത് ഒരു കലണ്ടര്‍മാസത്തില്‍ 12 ദിവസം നഴ്‌സിംഗ് ജോലി ചെയ്താല്‍ ആ മാസം ഒരു പൂര്‍ണ സോഷ്യല്‍ – കഠിനജോലി – ഇന്‍ഷുറന്‍സ് മാസമായി ഇനി രാജ്യത്ത് കണക്കാക്കപ്പെടും.

പുതിയ നിബന്ധനകള്‍ പ്രകാരം ജോലിക്കാലം മുഴുവന്‍ നഴ്സിംഗില്‍ തുടരുന്നവര്‍ക്കു മൊത്തം 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ ഉണ്ടെങ്കില്‍, 60 വയസ് ആകുമ്പോള്‍ വിരമിക്കാന്‍ കഴിയും. എന്നാല്‍ ആരെങ്കിലും, ഉദാഹരണത്തിന് ഈ 45 വര്‍ഷങ്ങളില്‍ 35 വര്‍ഷം ഒരു ഓഫീസിലും, അതിനുശേഷം ഉള്ള 10 വര്‍ഷം നഴ്‌സിംഗ് ജോലിയുമാണെങ്കില്‍ അവര്‍ക്കും 60 വയസ് ആകുമ്പോള്‍ വിരമിക്കാന്‍ സാധിക്കും. വേറെ ഒരു വിധത്തില്‍ പറഞ്ഞാല്‍ 60 വയസ് ആകുമ്പോള്‍ ആകെ 45 ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ ഉള്ളവര്‍ക്ക് 60 വയസ് ആകുന്നതിനു മുന്‍പുള്ള 20 വര്‍ഷകാലത്തിനിടക്ക് ആകെ 10 വര്‍ഷമെങ്കിലും നഴ്‌സിംഗ് ജോലി ചെയ്തിരുന്നാല്‍ മതി, 60 വയസ് തികയുമ്പോള്‍ വിശ്രമജിവിതം ആരംഭിക്കാം.
ഓസ്ട്രിയയില്‍ പുരുഷന്മാര്‍ക്ക് ഇപ്പോഴത്തെ പെന്‍ഷന്‍ പ്രായം 65 വയസ് ആണ്, എന്നാല്‍ സ്ത്രീകള്‍ക്കു അത് കൂട്ടി കൊണ്ടുവരുന്നു, 2035 ആകുമ്പോള്‍ സ്ത്രീകള്‍ക്കും പെന്‍ഷന്‍ പ്രായം 65 വരെയാകും എന്ന നിലയില്‍ ചിന്തിച്ചാല്‍ പുതിയ നിയമം ആതുരശുശ്രൂഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ്.