ഓസ്ട്രിയയില്‍ മലമുകളില്‍ പാര്‍ക്കാന്‍ ഏകാന്തവാസിയെ അന്വേഷിക്കുന്നു

വര്‍ഗീസ് പഞ്ഞിക്കാരന്‍
ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗ് സംസ്ഥാനത്തിലെ സാല്‍ഫെല്‍ഡണ്‍ എന്ന ചെറുപട്ടണത്തിന്റെയും അവിടുത്തെ ഇടവകയുടെയും അധീനതയില്‍പ്പെട്ട ഒരു മലമുകളിലുള്ള തപോവനത്തിലേക്കു ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സന്യാസിയായി താമസിക്കാന്‍ യോഗ്യനായ ഒരു വ്യക്തിയെ അന്വേഷിക്കുന്നു (തണുപ്പുകാലത്തു ആശ്രമം വിടാന്‍ അനുവാദം ഉണ്ട്).

അപേക്ഷ മാര്‍ച്ചു മാസം 15 നു മുന്‍പ് തപാല്‍ മാര്‍ഗം ഫോട്ടോ, ജീവിതവിവരണം, ലക്ഷ്യം എന്നിവയുള്‍പ്പെടെ സാല്‍ഫെല്‍ടണിലെ ഇടവക ഓഫീസില്‍ എത്തിയിരിക്കണം. വൈവാഹികര്‍ക്കും അപേക്ഷ കൊടുക്കാം.സ്വികരിക്കപ്പെട്ടാല്‍ പക്ഷെ ഒന്‍പതു മാസക്കാലം വീട്ടില്‍നിന്നു ‘അവധി’ എടുക്കേണ്ടി വരും എന്ന് മാത്രം. ശമ്പളം ഇല്ല, താമസവും ഭക്ഷണവും എല്ലാം സൗജന്യമായി ലഭിക്കുന്നതായിരിക്കും. 352 വര്‍ഷം പഴക്കമുള്ള ഒരു പാരമ്പര്യം ആണിത്, യൂറോപ്പില്‍ അപൂര്‍വമായ ഒന്ന്. മൃഗസംരക്ഷകനായ സെന്റ് ജോര്‍ജ് ആണ് തപോവനത്തിന്റെ മദ്ധ്യസ്ഥന്‍.

മലമുകളില്‍ ഒരു ദുര്‍ഗ്ഗത്തിന് മേലായി പാറയില്‍ തുറന്നു ഉണ്ടാക്കപ്പെട്ടതാണ് തപസ്വിയുടെ വാസസ്ഥലം. വെള്ളം പ്രകൃതിയില്‍ നിന്ന്; കംപ്യുട്ടര്‍, ടെലിവിഷന്‍ എന്നീ ആധുനിക കാര്യങ്ങളൊന്നും അവിടെ ഇല്ല. പക്ഷെ ഏകനായി ഏകാന്തനായി ധ്യാനിക്കാന്‍ ഏറെ സമയം കിട്ടും. തികച്ചും ഏകാന്തനായിരിക്കുകയില്ല. കാരണം മലമുകളില്‍ പലരും കാഴ്ചകള്‍ കാണാനായും തപസ്വിയോട് മനസ് തുറന്നു സംസാരിക്കുവാനും ആയി വരും. അവര്‍ക്കു ആവശ്യാനുസരണം ഉപദേശം കൊടുക്കണം.

സാല്‍ഫെല്‍ടണിലെ ഇടവകവികാരിയും നാഗരാധിപനും കുടിയയായിരിക്കും തപസ്വിയെ തിരഞ്ഞെടുത്തു നിയമിക്കുന്നത്. നിയമനം കിട്ടിയാല്‍ ജീവിതാന്ത്യം വരെ ആയിരിക്കുകയില്ല, ഒരു സീസണോ എത്ര സീസണോ കഴിഞ്ഞാണെങ്കിലും വിരമിക്കാവുന്നതാണ്.