(കഥ): അവള്‍…

പോള്‍ മാളിയേക്കല്‍

ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ ചാരുകസേരയിലിരിന്നു മലയാളം പത്രം വായിച്ചു കൊണ്ടിരുന്നെപ്പോള്‍, കൊച്ചുമോന്‍ ഓടി വന്ന് ഒരു ചെറിയ ഓട്ടോഗ്രാഫ് കയ്യില്‍ തന്നു. താളുകള്‍ മറിച്ച് അതിലേക് നോക്കിയിരിന്നെപ്പോള്‍ അവന്‍ ചോദിച്ചു ‘എന്താ എന്റെ ഗ്രാന്റ്പാ ഒന്നും മിണ്ടാതെ ഇരിക്കുന്നത്?’

കുറെ കാലമായി ആ ഓട്ടോഗ്രാഫ് തുറക്കാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. അവന്‍ അത് എങ്ങനെയോ കണ്ടുപിടിച്ചു. അവന്റെ ചോദ്യത്തിന് ഒരു മറുപടി കൊടുക്കുവാന്‍ കഴിഞ്ഞില്ല.

ഓട്ടോഗ്രാഫ് നെഞ്ചോട് അടുക്കിപ്പിടിച്ച് കുറെ നേരം ഇരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓടിഎത്തി. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. എന്നിട്ടും കോറിയിട്ട ആ അക്ഷരങ്ങള്‍ മനപാഠമായി തന്റെ മനസ്സില്‍ മായാതെ കിടക്കുന്നു. തന്റെ കുട്ടിക്കാലത്ത് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ അമ്മ പറയും നീ പോയി കുറച്ച് കപ്പയും, ഉണക്കമീനും വാങ്ങി കൊണ്ട് വായെന്ന്.

സ്‌കൂളില്‍ നിന്ന് വീട്ടിലെത്താന്‍ രണ്ടര മൈലോളം നടക്കണം. ക്ഷീണിച്ച് വീട്ടില്‍ കയറിയാല്‍ അടുക്കളയില്‍ പോയി കുറച്ച് വെള്ളം എടുത്ത് കുടിക്കും. പിന്നെ കടയിലേക്കു ഒരോട്ടമാണ്. അയല്‍പക്കത്തെ വാസുവേട്ടന്റെ സൈക്കിളിന്റെ പഴയ ടയര്‍ ആയിരിന്നു ഓട്ടത്തിന് സഹായി.

ടയറില്‍ ഒരു കമ്പുകൊണ്ട് തട്ടി തട്ടി ഓടിച്ചു കൊണ്ട് പോകും. കുണ്ടും കുഴിയും നിറഞ്ഞ ഇടവഴിലൂടെ കടന്ന്, പാടത്തെ വലിയ വരമ്പത്തു കൂടി ഓടിയിട്ട് വേണം കടയിലെത്താന്‍. വാങ്ങിയ സാധനങ്ങള്‍ സഞ്ചിയിലിട്ട് തോളിന്റെ ഒരു വശത്ത് അടുക്കിപ്പിടിച്ച് പിന്നെയും ടയറും കൊണ്ട് തിരിച്ച് വീട്ടിലേക്ക് ഓടും. അമ്മ കപ്പ വെട്ടി നുറുക്കി കഴുകി പുഴുങ്ങി വയ്ക്കും. കൂട്ടത്തില്‍ മുളക് ചമ്മന്തിയും ഉണ്ടാകും. നല്ല വിശപ്പുള്ളതുകൊണ്ട് കുറെ വലിച്ചുവാരി തിന്നും.

പറമ്പില്‍ കുറെ തൈ തെങ്ങുകളും, കമുകും, കുരുമുളകും, വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനെല്ലാം കനാലില്‍ നിന്ന് വരുന്ന വെള്ളം തിരിച്ചു കൊണ്ടുവന്നു നനക്കണം എല്ലാം ദിവസം നനച്ചില്ലേ അപ്പന്‍ വഴക്ക് പറയും. സന്ധ്യയാകുന്നതുവരെ നനച്ചാല്‍ എല്ലായെടുത്തും വെള്ളം എത്തിക്കാന്‍ പറ്റു. എല്ലാം കഴിഞ്ഞു കുളിച്ച് അല്പം വിശ്രമിക്കാനിരിക്കും. ആ ഇരിപ്പില്‍ അറിയാതെ ഉറങ്ങിപോകും. അത്തായം കഴിക്കാന്‍ അമ്മ വിളിക്കുമ്പോഴാണ് എനീക്കുക. അങ്ങനെ ഓരോ ദിവസവും കടന്ന് പോകും. തോട്ടത്തിലെ തെങ്ങും,കമുകും വലുതായി കായ്ക്കുവാന്‍ തുടങ്ങി. അതോടൊപ്പം താനും വലുതായി. വീട്ടില്‍ തരക്കേടില്ലാത്ത വരുമാനവും എത്തിത്തുടങ്ങി.

സ്‌കൂള്‍ അവധിക്കാലത്തു അമ്മായിയുടെയും അമ്മാവന്മാരുടെയും മക്കള്‍ ഒത്തുകൂടുന്നത് വീട്ടിലായിരുന്നു. അതൊരു ഉത്സവകാലം പോലെ ആയിരിന്നു എല്ലാവര്‍ക്കും. കുറെ പേര്‍ എഴുന്നേറ്റ് കുട്ടയുമായി മാവിന്‍ ചുവട്ടില്‍ വീണുകിടക്കുന്ന മാമ്പഴം പെറുക്കിയെടുക്കും. പിന്നെ എല്ലാവരും കൂടിയിരുന്ന് വലിച്ചുവാരി തിന്നും. കശുമാവിന്‍ തോട്ടത്തില്‍ പോയി കശുവണ്ടി പറക്കുകയും, എല്ലാം ഉരിഞ്ഞെടുത്ത് കുട്ടയിലാക്കി വെയിലത്തുവച്ചു ഉണക്കിയെടുക്കണം. അതെല്ലാം ആണ്‍കുട്ടികളുടെ ജോലി ആയിരിന്നു.

എല്ലാം ദിവസവും പെറുക്കികൂട്ടുന്ന കശുമാങ്ങ ചീഞ്ഞ് മണത്തുതുടങ്ങും. കശുമാവിന്‍ തോട്ടത്തിലേക്ക് കളിക്കാന്‍ ചെന്നാല്‍ ചീഞ്ഞ മാങ്ങയെടുത്ത് പരസ്പരം എറിഞ്ഞു കളിക്കും. അതൊരു രസം ആയിരിന്നു. മുഖത്തും, കണ്ണിലും, തലയിലും മാങ്ങാച്ചാര്‍ നിറയും. അപ്പോള്‍ ചിലര്‍ കരഞ്ഞു കൊണ്ട് ഓടിപ്പോകും. ശരീരം മുഴുവന്‍ ചീഞ്ഞു നാറിയ കശുമാങ്ങയുടെ അവശിഷ്ടങ്ങളായിരിക്കും. പിന്നെ എല്ലാവരും കൂടെ താഴത്തെ പാടത്തെ വലിയ തോട്ടിലെ വെള്ളത്തില്‍ ചാടി നീന്തി കുളിക്കും. അരക്കൊപ്പം വെള്ളം മാത്രമെ തോട്ടില്‍ ഉണ്ടാകറുള്ളു. അതുകൊണ്ട് മുതിര്‍ന്നവര്‍ ആരും തിരിഞ്ഞുനോക്കാറില്ല. അങ്ങനെ അവധികാലം വളരെ പെട്ടെന്ന് കടന്നുപോകും.

ഒരുപാട് സന്തോഷം തന്ന ദിവസങ്ങളെയോര്‍ത്ത് വീടുകളിലേക്ക് മടങ്ങുമ്പോള്‍ അടുത്ത വര്‍ഷം പുതിയ കളികളുമായി ഒത്തുകൂടണം എന്ന തീരുമാനം ആയിരിക്കും മനസ്സ് നിറയെ. പിന്നെ ഓരോ വര്‍ഷങ്ങളിലും ഒത്തുകൂടി. ഉന്നത പഠനത്തിനും, മറ്റ് പലകാര്യങ്ങള്‍ക്കുമായി പലരും നാനാ വഴിയേ തിരിഞ്ഞപ്പോള്‍ കാലം കടന്നു പോയതറിഞ്ഞില്ല.

ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളരെ യാദൃശ്ചികമായിട്ടാണ് അത് സംഭവിച്ചത്. എന്നും കോളേജിലേക്ക് പോകുന്ന ബസ്സില്‍ അവളും ഉണ്ടായിരിന്നു. മറ്റാരോടും തോന്നാത്തെ എന്തോ പ്രേത്യക ഇഷ്ടം അവളോട് തോന്നി. ഒന്ന് പരിചെയ്യപ്പെടാന്‍ ഒരിക്കെലും അവസരം ഉണ്ടായിട്ടില്ല. പിന്നെ ആരെങ്കിലും അറിഞ്ഞാല്‍ എന്ത് വിചാരിക്കും എന്ന ചിന്ത. ബസ്സില്‍ നിന്നിറങ്ങിയാല്‍ അവള്‍ കൂട്ടുകാരികളും കൂട്ടി പെട്ടെന്ന് നീങ്ങി മറയും. എങ്ങനെയാണ് തനിക്ക് അങ്ങനെ ഒരു മോഹം തോന്നിയേത് എന്ന് അറിയില്ല. കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ കുറെ ആലോചിച്ചു. അങ്ങനെ ആത്മാര്‍ത്ഥ സുഹൃത്തുമായി വിഷയം പങ്കുവച്ചു. അപ്പോഴാണ് അറിയുന്നേ അവന്‍ ആ കുട്ടിയെ നന്നായി അറിയാമെന്ന്. കാര്യങ്ങള്‍ കുറെ കൂടി എളുപ്പം ആയെല്ലോ എന്ന് മനസ്സില്‍ ഉറച്ചു.

കിഴക്കേപ്പാട്ടെ വലിയ ആസ്തിയുള്ള നമ്പൂതിരി തറവാട്ടിലെ കുട്ടിയാണത്രെ. ഇല്ലത്തെ പുതുതലമുറക്കാര്‍ നാനാ വഴിക്ക് പിരിഞ്ഞേതോടെ ഇല്ലത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി. കഷ്ടിച്ച് കാര്യങ്ങള്‍ നടന്നു പോകുന്നെത് ഏതോ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇളയ മകന്റെ വരുമാനം കൊണ്ടാണ്. ആ മകന്റെ രണ്ടാമത്തെ മകളാണ് ഈ പെണ്‍കുട്ടി. മൂത്തവളടെ കല്ല്യാണം കഴിഞ്ഞെങ്കിലും ഒരു വര്‍ഷം എത്തും മുമ്പേ ഭര്‍ത്താവു ഒരു അപകടത്തില്‍ മരിച്ചു. രണ്ടാം വേളിക്ക് ആ കുട്ടി തയ്യാര്‍ ആയിട്ടില്ല. പഴയ തലമുറയിലെ മുത്തശ്ശിയും അവരോട് ഒപ്പം ഉണ്ട്. എല്ലാം ഭാരവും ഇളയ മകന്റെ ചുമലിലാണ്. വളരെ വിഷമിച്ചാണ് കുടുംബത്തിലെ കാര്യങ്ങള്‍ നീക്കുന്നത്. പെണ്‍കുട്ടി ചെറുപ്പം മുതലേ പഠിക്കാന്‍ മിടുക്കിയായത്‌കൊണ്ട് തുടര്‍ന്ന് പഠിക്കുവാന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് ബോംബൈയിലുള്ള അവരുടെ ഒരു അമ്മാവനാണ്. സ്‌കൂള്‍ കുട്ടികള്‍ക്കു ട്യൂഷന്‍ എടുത്തും ഒഴിവ് ദിവസങ്ങളില്‍ ചെറിയ കുട്ടികളെ ഡാന്‍സ് പഠിപ്പിച്ചും അവള്‍ ഒരു ചെറിയ വരുമാനം ഉണ്ടാക്കുന്നുണ്ട്.

കൂട്ടുകാരന്റെ വിവരണം കേട്ടപ്പോള്‍ ആ കുട്ടിയോട് സഹതാപവും അഭിമാനവും തോന്നി. ആഡംബരവും, അഹംഭാവവും ഇല്ലാത്ത മുഹഭാവം, ശാലീന പ്രകൃതം. ആ കുട്ടിയെ കണ്ടാലറിയാം ആഡ്യത്വമുള്ള തറവാട്ടില്‍ ജനിച്ചതാണെന്ന്. അന്നത്തെ ചില പെണ്‍കുട്ടികളെപോലെ യാതൊരു ജാഡയും, പണത്തിന്റെ ഹുങ്കും അവളില്‍ കണ്ടില്ല. ലളിതമായ വസ്ത്ര ധാരണത്തില്‍ അവള്‍ അത്ര സുന്ദരിയാണ്. ആ ഗ്രാമീണ സൗന്ദര്യം കണ്ടാല്‍ ആരും ഒന്നുകൂടി നോക്കി പോകും. അവള്‍ കോളിജിലേക് വരുമ്പോള്‍ നനഞ്ഞ മുടിയിഴകളില്‍ നിന്നും വാര്‍ന്നൊലിക്കുന്ന ജലകണങ്ങള്‍ അവളുടെ ശരീരത്തിലെ വസ്ത്രത്തില്‍ കാണാമായിരുന്നു. കാച്ചിയ എണ്ണ തേച്ചതിന്റെ സുഗന്ധം അവള്‍ നീങ്ങിയകലുമ്പോള്‍ ആ പ്രദേശം മുഴുവന്‍ ലഭിക്കുമായിരുന്നു. ആ മാസ്മര ലഹരിയില്‍ അവളുടെ പുറകെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു അനുഭൂതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവള്‍ ക്ലാസ്സിലിരിക്കുമ്പോള്‍ മുടിയിഴകളില്‍ തിരുകി വെച്ച മുല്ലപ്പൂവിന്റെ സുഗന്ധം അറിയാതെ നുകര്‍ന്നുപോകും.

പാടത്തും പറമ്പിലെ കൃഷി മാത്രം പോര അല്പം കച്ചവടം ആകാം എന്ന ആശയത്തില്‍ അപ്പന്‍ ഒരു കൊപ്രാമില്‍ തുടങ്ങുവാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. അന്ന് പറമ്പില്‍ നിന്ന് ധാരാളം തേങ്ങ കിട്ടുന്നുണ്ടായിരുന്നു. കച്ചവടക്കാര്‍ ന്യായവില തരുകയുമില്ല. അങ്ങനെയായിരിക്കാം അപ്പന്റെ മനസ്സില്‍ ഇങ്ങനെ ഒരു ആശയം ഉദിച്ചത്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ തന്റെ ഡിഗ്രി പൂര്‍ത്തിയാകും. അപ്പോള്‍ താന്‍ ഫ്രീയാകും എന്ന കണക്കുകൂട്ടലായിരിന്നു അപ്പന്റെ മനസ്സില്‍. അങ്ങനെ മില്ലിന്റെ കാര്യങ്ങള്‍ തന്നെ ഏല്പിക്കാനായിരിന്നു അപ്പന്റെ ഉദ്ദേശം.

അനുബന്ധമായിരുന്നില്ലെങ്കിലും തരക്കേടില്ലാത്ത മാര്‍ക്കോടെ ഡിഗ്രി പാസ്സായി. തുടര്‍ന്ന് കാറ്ററിംഗ് മാനേജ്‌മെന്റ് പഠിക്കുവാനുള്ള ആഗ്രഗം അപ്പനെ അറിയിച്ചു. അധികം ആലോചിക്കാതെ തന്നെ മറുപടിയും കിട്ടി. വല്ലവന്റെയും പാത്രം കഴുകാന്‍ പോകുന്നതിലും നല്ലതല്ലേ സ്വന്തമായി ഒരു സ്ഥാപനം നടത്തുന്നത്. അല്ലെങ്കിലും ഇന്നത്തെ കാലത്തു കൂടുതല്‍ പഠിച്ചിട്ട് എന്നാ കാര്യം. മില്ല് നടത്തി പത്ത് കാശ് ഉണ്ടാക്കാന്‍ നോക്ക്.

സൂര്യന്‍ പട്ടാപകല്‍ അസ്തമിച്ചതുപോലെ കണ്ണില്‍ ഇരുട്ട് കയറി. കൊപ്രാമില്‍ പണിയെടുക്കുവാന്‍ ഒരു ഡിഗ്രി കാരന്റെ ആവശ്യമുണ്ടോ. അതിനാണോ താന്‍ ഡിഗ്രി എടുത്തത്. അങ്ങനെ കുറെ ചോദ്യങ്ങള്‍ മനസ്സില്‍ ആഞ്ഞു പതിച്ചപ്പോള്‍ ആ രാത്രി ഉറങ്ങിയില്ല. ചിന്തകള്‍ മനസ്സിനെ വല്ലാതെ മനസ്സിനെ വേല്‍വലാതിപെടുത്തിയെപ്പോള്‍ എന്നും പോകാറുള്ള പള്ളിയില്‍ കുറെ നേരം പ്രാര്‍തിച്ചിരുന്നു. അലസമായി കുറെ നടന്നു എങ്ങും എത്താത്തെ ഒരു യാത്ര പോലെ. നാട്ടില്‍ നിന്നാല്‍ ശെരിയാകില്ല. അപ്പന്‍ തന്നെ മില്ലില്‍ തള്ളിയിടും. നാട്ടില്‍ നിന്നും ഇതുവരെ എങ്ങും പോയിട്ടില്ല. പരിചയത്തിലുള്ള ആരും തന്നെ മറ്റ് നാടുകളില്‍ ഉള്ളതായി അറിയില്ല. അങ്ങനെയിരിക്കെ നാട്ടിലുള്ള ഒരു സുഹൃത്ത് വഴി ബോംബൈയിലുള്ള ഒരാളുടെ വിലാസം തരപ്പെടുത്തി.

ബോംബൈ എന്ന കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു മനസ്സില്‍. അവിടെ എങ്ങനെ എത്തിപെടും എന്നായി ആലോചന. സ്വയം സമ്പാദിച്ച നയാ പൈസ കൈയിലില്ല. അപ്പനോട് ഈ കാര്യം അവതരിപ്പിക്കാനും പറ്റില്ല. അമ്മയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. മനസ്സില്ല മനസ്സോടെ അമ്മ സമ്മതം മൂളി. അമ്മയുടെ സ്വകാര്യ സമ്പാദത്തില്‍ ഉള്ളതെല്ലാം പെറുക്കിയെടുത്ത് തന്റെ കയ്യില്‍ വെച്ച് തരുമ്പോള്‍ ആ കണ്ണുകള്‍ നനഞ്ഞു കണ്ണീര്‍ തുള്ളികള്‍ തന്റെ കയ്തണ്ടയില്‍ വീഴുന്നുണ്ടായിരുന്നു. അമ്മയുടെ കരുതലിന്റെ ആഴം മനസ്സില്‍ മായാതെ കിടന്നു.

കല്‍ക്കരി ഉപയോഗിച്ച് ഓടിക്കുന്ന തീവണ്ടിയിലെ യാത്ര ചെന്ന് അവസാനിച്ചത് ഒരു വലിയ ജനസാഗരത്തിലായിരിന്നു. ഇത്രയും ജനങ്ങളെ ഒരു സ്റ്റേഷനില്‍ കാണുന്നത് ആദ്യമായിട്ടായിരിന്നു. കത്തില്‍ പറഞ്ഞെ പോലെ കൃത്യമായ പറഞ്ഞ ആ സ്ഥലത്തു തന്നെ ആ സുഹൃത്തിനെ കണ്ടുമുട്ടി. കുറച്ചു ദിവസം അവിടെ താമസിച്ചപ്പോള്‍ ഏകേദശം കാര്യങ്ങള്‍ പിടികിട്ടി. ഒന്നിനും മടിച്ചുനില്‍കാതെ മുന്നിട്ടിറങ്ങി. പണ്ടേ മുതല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്ന് അതിയായി മോഹിച്ചിരുന്ന തനിക്ക് ഒരു ഹോട്ടലിലെ ജോലി തരപ്പെട്ടു. തുടക്കത്തില്‍ ഭാഷ വലിയ വെല്ലുവിളിയായിരുന്നെങ്കിലും അതും മയപ്പെടുത്തി എടുത്തു. കാലം കരുതി വച്ചപോലെ ജോലിയിലും വളരെ അഭിവൃന്ധിയുണ്ടായി. അങ്ങനെ നല്ലയൊരു സ്ഥാനത്ത് എത്തിപ്പെടാന്‍ കഴിഞ്ഞു.

വിവാഹം, മക്കള്‍, അങ്ങനെ കാലം പിന്നെയും കടന്നുപോയി. ബിസിനസ്സിന്റെ പല മേഖലകളും തന്റെ മുമ്പില്‍ തുറന്ന് വന്നപ്പോള്‍ പലതും വെട്ടിപിടിക്കണമെന്നു തോന്നി. ഓരോന്നായി തുടങ്ങുകയും വിജയിപ്പിക്കുകയും ചെയ്തു. ആവിശ്യത്തിന് സമ്പാദ്യവും ഉണ്ടായി ബോംബെയിലും നാട്ടിലും തരക്കേടില്ലാത്ത തരത്തില്‍ സമ്പാദ്യമുണ്ടാക്കി. നാട്ടില്‍ ഇടയ്ക് ചെല്ലുമ്പോള്‍ പഴയ കൊപ്രാമില്ലും കുറെ ഓര്‍മകളും മനസിലേക്ക് ഓടിവരും അന്ന് ആ കൊപ്രാമില്ലില്‍ തന്റെ ജീവിതം അടച്ചു പൂട്ടേണ്ടിയിരിന്നു. കടുത്ത തീരുമാനം സ്വയം എടുത്തതുകൊണ്ട് രക്ഷപെടാനായി. ജീവതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കുറെ ഓര്‍മ്മകള്‍ മനസ്സില്‍ മരവിച്ചുകിടക്കുന്നുണ്ടായിരുന്നു.

‘ഗ്രാന്‍ഡ്പാ ഉറങ്ങുകകയാണോ’ കൊച്ചുമോന്‍ തട്ടിയുണര്‍ത്തിയെപ്പോഴാണ് പരിസരബോധം ഉണ്ടായത്. ചാരു കസേരയില്‍ കടല്‍ക്കാറ്റേറ്റിരുന്നു. പഴയ കാര്യങ്ങള്‍ ഓര്‍ത്തു അറിയാതെ മയങ്ങിപ്പോയി. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും നന്ദിനിയെ മറക്കാന്‍ കഴിഞ്ഞില്ല. താന്‍ അവളെ സ്‌നേഹിച്ചിരുന്നോ എന്നറിയില്ല. എങ്കിലും തന്റെ മനസ്സില്‍ അവള്‍ ഇടം പിടിച്ചിരുന്നു. ഇന്നും അവളുടെ കാര്‍കൂന്തലില്‍ ചൂടിയ മുല്ലപൂവിന്റെ സുഗന്ധം താന്‍ ആസ്വദിക്കുകയാണോ. അവള്‍ എവിടെയായിരിക്കും. വീണ്ടും കാണണമെന്ന് പലപ്പോഴും ആഗ്രഹിച്ചിരിന്നു. ജീവിതം കെട്ടിപ്പടുക്കുവാന്‍ ഓടിയലഞ്ഞപ്പോള്‍ എല്ലാം മോഹങ്ങളും വഴി മാറിനിന്നു. ഒരു പക്ഷെ അവള്‍ തന്നെ കാണാന്‍ ആഗ്രഹിച്ചിരിന്നിരിക്കാം. ഒരു നാടന്‍ പെണ്‍കുട്ടിക്ക് അത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ എന്നോര്‍ത്തു ആശ്വസിച്ചു.

അദ്ധ്യയന വര്‍ഷത്തിന്റെ അവസാന നാളുകളില്‍ തന്റെ ഓട്ടോഗ്രാഫില്‍ അവള്‍ കുറിച്ചിട്ട ‘സ്‌നേഹം അതൊരിക്കലും മരിക്കുന്നില്ല’- നന്ദിനി. അവളുടെ സ്‌നേഹം തിരിച്ചറിയുവാന്‍ വൈകിയതില്‍ വളരെ വിഷമം തോന്നി.

മധുരമുള്ള വാക്കുകളില്‍ ചാലിച്ച അവളുടെ സ്‌നേഹം മനസ്സില്‍ താലോലിച്ചു കൊണ്ട് വിദ്യാലയത്തിന്റെ പടികളിറങ്ങി. ഒരിക്കല്‍ കണ്ടുമുട്ടും എന്ന പ്രതീക്ഷ അപ്പോഴും ബാക്കിവച്ചു.

അവള്‍ എവിടെ ആയിരിക്കും ഇപ്പോള്‍. എന്തിനാണ് അവളെകുറിച്ച് ഓര്‍ക്കുന്നത്. കാണാമറയത്ത് അവള്‍ തന്നെ ഓര്‍ക്കുന്നുണ്ടാകും. മരിക്കാത്ത ഓര്‍മകളില്‍ ഒരു ചെറിയ നൊമ്പരം അലിഞ്ഞു ചേര്‍ന്നതുപോലെ തോന്നി.

ഒരിക്കലും സ്വന്തമാകില്ല എന്നറിഞ്ഞിട്ടും ആ മോഹങ്ങളെ മനസ്സില്‍ കൊണ്ട് നടന്ന് താലോലിക്കാനും ഒരു സുഖമാണ്. ആ സുഖം താനിന്ന് ഏറെ ആസ്വദിക്കുന്നു, ആരും അറിയാതെ…