മടക്കയാത്ര: ഭാഗം ഒന്ന്

ഇത് ആരുടേയും കഥയല്ല. എന്നാല്‍ എല്ലാവരുടെയുമാണ്
പ്രവാസി ആയി
 ജീവിക്കുന്നതുകൊണ്ട് കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരു പരിധിവരെ എനിക്ക് മനസിലാക്കാന്‍ സാധിച്ചുട്ടുണ്ട്. ജീവിത യാത്രയില്‍ ലഭിച്ച കുറച്ചു അനുഭവങ്ങള്‍ ഒരു നോവലറ്റിന്റെ രൂപത്തില്‍ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു…
സ്‌നേഹപൂര്‍വ്വം
പോള്‍ മാളിയേക്കല്‍

മനയ്ക്കലെ കുളത്തില്‍ രണ്ടുവട്ടം ചാടി കുളിച്ചു കയറയുമ്പോഴേയ്ക്കും, വിലാസിനിടീച്ചറും രാധാമണിയും കുളികഴിഞ്ഞുപോയികാണും. വടിവൊത്ത ശരീരമാണ് വിലാസിനി ടിച്ചര്‍ക്ക്. ഈറനുടുത്ത് നടന്നു നീങ്ങുന്ന മുടിയിഴകളില്‍ നിന്നും ഊര്‍ന്നിറങ്ങുന്ന വെള്ളത്തുള്ളികള്‍ ആപ്പോഴും ആ നനഞ്ഞ ശരീരത്തിലൂടെ ഒഴുകി ഇറ്റിറ്റു വീഴുന്നുണ്ടാകും.

ടീച്ചറുടെ പിറകിലൂടെ നടന്നുനീങ്ങുന്ന രാധാമണി ഒരു കുസൃതി പെണ്ണായിരുന്നു. അവളെ സൈക്കിളില്‍ ഇരുത്തി എന്നും സ്‌കൂളില്‍ കൊണ്ടുപോകണം. വിലാസിനി ടീച്ചര്‍ക്ക് വേറെ സ്‌കൂളിലായിരുന്നു ജോലി. വൈകിട്ട് സ്‌കൂളില്‍ നിന്നും തിരിച്ചുവന്നാല്‍ ടീച്ചറുടെ വീട്ടില്‍ എന്തെങ്കിലും കഴിക്കാനുണ്ടാകും. അത് കഴിഞ്ഞാല്‍ രാധാമണിയുമായി മുറ്റത്ത് കളിക്കാനിറങ്ങും. സന്ധ്യയാകുമ്പോഴേ വീട്ടില്‍ കയറു.

റെയില്‍വേയിലെ ഉദ്യോഗസ്ഥനായിരുന്ന രാധാമണിയുടെ അച്ഛന് ഡല്‍ഹിയ്ക്ക് ജോലിമാറ്റം വന്നപ്പോള്‍ രാധാമണിയിക്കും വിലാസിനിടീച്ചര്‍ക്കും കൂടെ പോകേണ്ടി വന്നു. പോകാന്‍ നേരം രാധാമണി അടുത്തുവന്നു ‘ഇനി നമ്മള്‍ എന്നുകാണുമെന്നറിയില്ല’, പറയുമ്പോള്‍ അവള്‍ വിതുമ്പിക്കരയുകായായിരുന്നു. ഓര്‍മ്മയ്ക്കായി അവള്‍ തന്ന മുത്തുമാല ഒരു ചെപ്പില്‍ അടച്ചു സൂക്ഷിച്ചുവച്ചു. പൂട്ടിവയ്ക്കാന്‍ പാടായിരുന്നെങ്കിലും, ഓര്‍മ്മകളുടെ മധുരചെപ്പില്‍ അത് ഭദ്രമായിരുന്നു…

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂട്ടിവച്ച ആ ഓര്‍മമകള്‍ പൊടിപിടിച്ചു മൂടികിടന്നു. ഇനി എന്തിനാണ് അതെല്ലാം പൊടിതട്ടിയെടുക്കുന്നത്. മനസിലൂടെ ഓര്‍മ്മകളുടെ ആ തീവണ്ടി വല്ലപ്പോഴും ഓടിപ്പോകും…
———————————————–
വിവാഹം കഴിഞ്ഞു അധികം താമസിയാതെ യൂറോപ്പില്‍ ഭാര്യയുടെ അടുത്തെത്താന്‍ കഴിഞ്ഞപ്പോള്‍ എന്തൊക്കെയോ നേടിയെന്ന തോന്നലായിരുന്നു. അതിനേക്കാള്‍ എത്രയോ ദൂരത്താണ് യഥാര്‍ത്ഥ ജീവിതമെന്നു മനസിലാക്കാന്‍ അധികം നാള്‍ കാത്തിരിക്കേണ്ടിവന്നില്ല. തന്റെ വിദ്യാഭ്യാസ യോഗ്യതക്കു ഇവിടെ യാതൊരുവിലയുമില്ലെന്നറിഞ്ഞപ്പോള്‍ നിരാശ തോന്നി. വഴങ്ങാത്ത ഭാഷ, എരുവും പുളിയുമില്ലാത്ത സായിപ്പിന്റെ ഭക്ഷണം, അസ്ഥിപോലും തുളച്ചുകയറുന്ന തണുപ്പ്, വിദേശികള്‍ക്ക് നല്ലജോലി കിട്ടാനുള്ള ബുദ്ധിമുട്ട്. എല്ലാംകൂടി ആയപ്പോള്‍ സ്വപ്നങ്ങള്‍ തകര്‍ന്നു വീണതുപോലെയായി. എങ്കിലും ജീവിതത്തോടുള്ള ആസക്തി സാധ്യതകള്‍ തേടി അലയാന്‍ പ്രേരണയായി. തോറ്റുകൊടുക്കാന്‍ പറ്റില്ലാലോ? ഭാഷയുടെ പരിമിതി ഉണ്ടായിരുന്നെങ്കിലും കിട്ടിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. മാസാവസാനം കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം നാട്ടിലേയ്ക്ക് അയക്കും. വളരെ പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന അവര്‍ക്കു അതൊരു ആശ്വാസമായിരുന്നു.

———————————————–
മക്കള്‍ മൂന്നുപേരുണ്ടായി. ഒരു മകളും രണ്ടു ആണ്‍ മക്കളും. കഴിവിന്റെ പരിധിയില്‍ നിന്നുകൊണ്ട് അവര്‍ക്കു വേണ്ടത്ര വിദ്യാഭ്യാസം കൊടുത്തു. അതോടൊപ്പം അവരുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ‘നല്ല കഴിവുള്ള കുട്ടികള്‍. ഇവരെ കണ്ടുപഠിക്കണം മറ്റുകുട്ടികള്‍’ പലരും പറയുമായിരുന്നു. മക്കളെപറ്റി നല്ലതുകേള്‍ക്കുമ്പോള്‍ ഏതു മാതാപിതാക്കള്‍ക്കാണ് അഭിമാനം തോന്നാത്തത്.

കുട്ടികള്‍ വളര്‍ന്നു വലുതായി. ഞങ്ങള്‍ക്കും പ്രായം ഏറിവന്നുവെന്നു പറയേണ്ടതില്ലലോ. അവശത ആരോഗ്യപ്രശ്നം എല്ലാം കൂടെപ്പിറപ്പായി. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ശീതകാറ്റേറ്റപ്പോള്‍ മലയാള സംസ്‌കാരത്തിന്റെ ശിരകളിലെ രക്തയോട്ടം മരവിച്ചുതുടങ്ങി. അതിന്റെ പ്രതിഫലനം മക്കളിലും കണ്ടുതുടങ്ങി. ഇരുപതും, പതിനെട്ടും വയസായാപ്പോള്‍ മാതാപിതാക്കളുടെ കൂട്ടില്‍ നിന്നും ചിറകടിച്ചു പറക്കണമെന്നായി. എതിര്‍ത്താല്‍ കയറക്കും എന്നായപ്പോള്‍ എല്ലാത്തിനും വഴങ്ങി. ജോലി, പഠനം, സ്വതന്ത്രമായ ജീവിതം, അതായിരുന്നു അവര്‍ക്കിഷ്ടം. മാതാപിതാക്കളുടെ ശകാരമില്ല, കാത്തിരിപ്പില്ല. വേറെ ചോദ്യങ്ങളൊന്നുമില്ല. ‘എന്തിനു ഞങ്ങളെപ്പറ്റി വേവലാതിപ്പെടുന്നു. ഞങ്ങള്‍ കൊച്ചുകുട്ടികളല്ല. ഞങ്ങള്‍ക്ക് അത്യാവശ്യം ജീവിക്കാനറിയാം.’

വിങ്ങിയ മനസില്‍ക്കിടന്നു ഉത്തരങ്ങള്‍ പലതും ഉരുണ്ടുമറിഞ്ഞു. ഒന്നും മിണ്ടിയില്ല. വിദേശത്ത് പഠിക്കാന്‍ പോയ മൂത്തമകന്‍ വര്‍ഷങ്ങളായി കൂടെ പഠിച്ചിരുന്ന ഒരുമിച്ചു പാര്‍ട് ടൈം ജോലിചെയ്തിരുന്ന വിദേശിയായ കൂട്ടുകാരിയുമായി അടുപ്പത്തിലായി. അവളെ മകന് വിവാഹം കഴിക്കണം. ആഘോഷങ്ങള്‍ക്കായി ഒരു പഴയ കൊട്ടാരവും കണ്ടുപിടിച്ചു. ക്ഷണിതാക്കളായി അധികവും അവരുടെ കൂട്ടുകാര്‍ മാത്രം. എല്ലാം അവരുടെ ഇഷ്ടം മാത്രമായിരുന്നു. പക്ഷെ ചിലവുകള്‍ പപ്പ എടുക്കണം. അത് കടമയാണ് പോലും. നാട്ടുകാരുടെ മുമ്പില്‍ മോശക്കാരനാകാതിരിക്കാന്‍ കടമെടുത്ത് കാര്യങ്ങള്‍ നടത്തി.

വിവാഹം കഴിഞ്ഞു ഒരു രാത്രിപോലും മകനും മരുമകളും പപ്പയോടും മമ്മിയോടും ഒരുമിച്ചു താമസിച്ചില്ല. അവര്‍ക്കെപ്പോഴും തിരക്കായിരുന്നു. എവിടെയൊക്കെയോ കുറെ യാത്രകള്‍ നടത്തി. അവര്‍ സന്തോഷത്തോടെ കഴിയണമേ എന്ന പ്രാര്‍ത്ഥനമാത്രമായിരുന്നു എപ്പോഴും.

അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. ആദ്യത്തെ കുട്ടിയെ കാണാന്‍ മനസ് വെമ്പല്‍ കൊണ്ടു. മരുമകള്‍ ഗര്‍ഭിണി ആണെന്നറിഞ്ഞതുമുതല്‍ മമ്മി കുഞ്ഞിനായി ഒരുപാട് കാര്യങ്ങള്‍ ഒരുക്കി വച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രസവ ശുശ്രുഷയ്ക്കുള്ള മരുന്നുകൂട്ടുകളും, എണ്ണയും, മറ്റു നാടന്‍ മരുന്നുകളും ഉണ്ടായിരുന്നു.

‘കുഞ്ഞിനെ കാണാന്‍ ആരും ഹോസ്പിറ്റലില്‍ വരണ്ട. വീട്ടില്‍ വരുമ്പോള്‍ വിളിച്ചിട്ടു വന്നാല്‍ മതി’ മകന്റെ സന്ദേശമെത്തി.

നാലുദിവസം കഴിഞ്ഞു വീട്ടിലെത്തിയ അമ്മയെയും കുഞ്ഞിനേയും കാണാന്‍ ചെന്നു. ഒരുക്കിവെച്ച സാധനങ്ങള്‍ എല്ലാം എടുത്തിട്ടുണ്ടായിരുന്നു. നല്ല ഓമനത്തം തുളുമ്പുന്ന മിടുക്കനായ ഒരു മോന്‍. അവന്‍ ഉറങ്ങുകയായിരുന്നു. മമ്മി വളരെ ആര്‍ത്തിയോടെ അവനെ വാരിയെടുത്ത് ഉമ്മ വച്ചു. അടുത്തുനിന്ന മരുമകളുടെ ഭാവം മാറി. അവള്‍ അവളുടെ ഭാഷയില്‍ മകനോട് എന്തൊക്കെയോ ദേഷ്യത്തില്‍ പറയുന്നുണ്ടായിരുന്നു.

മടക്കയാത്ര രണ്ടാം ഭാഗം ഇവിടെ വായിക്കാം

മടക്കയാത്ര അവസാന ഭാഗം ഇവിടെ വായിക്കാം

‘മറ്റാരും കുഞ്ഞിനെ എടുക്കുന്നത് അവക്കിഷ്ട്ടമല്ല. തന്നെയുമല്ല നിങ്ങള്‍ ഇടയ്ക്കു ഇവിടെ വരണമെന്നില്ല. കൊണ്ടുവന്ന സാധങ്ങള്‍ തിരികെകൊണ്ടുപോയ്ക്കോ. അതൊന്നും അവള്‍ക്കിഷ്ടമില്ല. ‘ അവള്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളത്തില്‍ കേട്ടപ്പോള്‍ മമ്മി തരിച്ചുനിന്നുപോയി. ഒന്നും പറയാനാവാതെ കുറെ ഏങ്ങലുകള്‍ മാത്രം ബാക്കിയായി. പൊട്ടിയൊഴുകിയ കണ്ണുനീര്‍ മറ്റാരും കാണാതെ മുഖം മറച്ചു അവിടെനിന്നും ഇറങ്ങി.
തിരിച്ചു നടന്നപ്പോള്‍ മനസില്‍ ചിന്തകള്‍ അതിശക്തമായി അലയടിച്ചു…
(തുടരും)