യുദ്ധത്തിന് തയാറാണ്, സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

”തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനും (ടിടിപി) പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിഷയത്തെ പാകിസ്ഥാന്‍ ഗൗരവകരമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റൊരു രാജ്യത്തിനെതിരെ പോരാടുന്നതിന് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും ഞങ്ങള്‍ അനുവദിക്കില്ല. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള യാതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും” മുജാഹിദ് പറഞ്ഞു.

ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും യുദ്ധത്തിലേക്ക് കടക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. യുദ്ധത്തിലേക്ക് ഞങ്ങള്‍ കടക്കും. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ താലിബാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് വരെ അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സാധാരണനിലയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.