രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയില്‍ സ്ഫോടനം: നിരവധി മരണം

ന്യൂഡല്‍ഹി: അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ ഞെട്ടിച്ച സ്ഫോടനമാണ് ഡല്‍ഹിയില്‍ അതീവ സുരക്ഷാ മേഖലായ ചെങ്കോട്ടയില്‍ തിങ്കളാഴ്ച വൈകിട്ട് ഉണ്ടായത്.സ്‌ഫോടനത്തില്‍ ഇതുവരെ ഒന്‍പത് മരണം സ്ഥിരീകരിച്ചു. ഇതില്‍ ഒരാളെ മാത്രമാണ് തിരിച്ചറിഞ്ഞത്. 20 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം വൈകിട്ട് 6.52-നാണ് സ്‌ഫോടനം ഉണ്ടായത്.നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചു.

സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. ആദ്യം മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുറത്തുവന്നത്. എന്നാല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് തന്നെ സ്ഥിരീകരിച്ചു.

പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തീ പൂര്‍ണമായും അണച്ചുവെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു. കാറിനു സമീപമുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.

അതേസമയം, സ്ഫോടനത്തില്‍ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു. 12 പേരാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. സ്ഫോടനത്തിന് പിന്നാലെ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. എന്നാല്‍, മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടില്ല. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും രാജ്യത്തെ മറ്റ് പ്രധാനനഗരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

നേരത്തെ തിങ്കളാഴ്ച രാവിലെ ഫരീദാബാദില്‍ നടന്ന ഓപ്പറേഷനില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടറുടെ പക്കല്‍നിന്നും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍, ഒരു എകെ-47 റൈഫിള്‍, ഒരു പിസ്റ്റള്‍, മൂന്ന് മാഗസിനുകള്‍, 20 ടൈമറുകള്‍, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടില്‍ ജമ്മു കശ്മീര്‍ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഇതിനുപിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുന്നതിനിടയിലാണ് രാജ്യതലസ്ഥാനത്തെ സ്ഫോടനം.