ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷാ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ഷായുടെ വസതിയില്‍ വെച്ചായിരിക്കും യോഗം നടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് (നവംബര്‍ 11-13) അടച്ചിട്ടു. ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഡല്‍ഹി പോലീസ്, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍), ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) എന്നിവരുള്‍പ്പെട്ട ഏജന്‍സികളാണ് സ്‌ഫോടനം അന്വേഷിക്കുന്നത്.
അന്വേഷണ സംഘങ്ങള്‍ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്നും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹി സ്ഫോടനത്തെത്തുടര്‍ന്ന് കര്‍ണാടക, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്.
ഇന്നലെ വൈകിട്ടാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപം വൈകിട്ട് 6.52-നാണ് സ്‌ഫോടനം ഉണ്ടായത്.നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചു.
റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. ആദ്യം മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുറത്തുവന്നത്. എന്നാല്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഡല്‍ഹി പോലീസ് തന്നെ സ്ഥിരീകരിച്ചു.








