‘വൈറ്റ് കോളര്‍’ ഭീകരത; ഹരിയാനയില്‍ നിന്നുള്ള മതപ്രഭാഷകന്‍ കസ്റ്റഡിയില്‍

ഡല്‍ഹി: ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല കേന്ദ്രീകരിച്ചുള്ള ‘വൈറ്റ് കോളര്‍’ ഭീകരവാദ കേസില്‍ മതപ്രഭാഷകന്‍ കസ്റ്റഡിയില്‍. ഹരിയാനയിലെ മേവാത്ത് മേഖലയില്‍ നിന്നുള്ള മതപ്രഭാഷകനായ മൗലവി ഇഷ്തിയാഖിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജമ്മു കശ്മീര്‍ പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മൗലവി ഇഷ്തിയാഖിനെ ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയതായാണ് വിവരം. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല കാമ്പസിനുള്ളിലെ വാടക വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്ന് 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ പിടികൂടിയിരുന്നു.

ഇഷ്തിയാഖിനെ ഉടന്‍ തന്നെ ഔദ്യോഗികമായി അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ, നവംബര്‍ 10 ന് ജമ്മു കശ്മീര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി നടത്തിയ ഏകോപിത റെയ്ഡുകള്‍ക്കു ശേഷം കേസില്‍ അറസ്റ്റു ചെയ്യപ്പെടുന്ന ഒമ്പതാമത്തെയാളാകും ഇഷ്തിയാഖ്.

കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നിന്നും ഭീകര ബന്ധമുള്ള മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 8 പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള ‘വൈറ്റ് കോളര്‍’ ഭീകര മൊഡ്യൂളിന്റെ ഭാഗമാണ് ഇവര്‍ എന്നാണ് കണ്ടെത്തല്‍. ഇഷ്തിയാക്കിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കള്‍ മുസൈബ് എന്ന ഡോ. മുസമ്മില്‍ ഗനായിയും ഡോ. ഉമര്‍ നബിയും ഇവിടെ സൂക്ഷിച്ചവയാണെന്നാണ് വിവരം. ചെങ്കോട്ടക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ കാര്‍ ഓടിച്ചതായി സംശയിക്കുന്നയാളാണ് ഡോ. ഉമര്‍ നബി.