പീസ് പാര്‍ലമെന്റും പുരസ്‌കാര നിശയും കേരളത്തില്‍
സ്‌നേഹ സാബു
കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യമായി പീസ് പാര്‍ലമെന്റ് ജനുവരി 9 തീയതി കുടമാളൂര്‍ റെയിന്‍ ഫോറസ്റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് പീസ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ U.N മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, സിനിമാ സംവിധായകന്‍ ബ്ലെസ്സി, സോഷ്യല്‍ ആക്ടിവിസ്റ്റ് ദയ ഭായ്, മോട്ടിവേഷണല്‍ സ്പീക്കര്‍ ഫാ. ബോബി ജോസ്, ബിഷപ്പ് മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, വേള്‍ഡ് പീസ് മിഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സണ്ണി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും.
അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,അഡ്വ. ചാണ്ടി ഉമ്മന്‍ എം. ല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, സാഹിത്യകാരന്‍ കവിയൂര്‍ ശിവപ്രസാദ്, പ്രഭാവര്‍മ്മ, MACTA ചെയര്‍മാന്‍ ജോഷി മാത്യു എന്നിവര്‍ പങ്കെടുക്കും. 5 ഭൂഖണ്ഡങ്ങളിലെ വേള്‍ഡ് പീസ് മിഷന്‍ പ്രതിനിധികള്‍, മറ്റു പീസ് മേക്കേഴ്‌സ് ചടങ്ങില്‍ പങ്കെടുക്കും.
ലിറ്ററേച്ചര്‍ പാര്‍ലമെന്റ്, റിലീജിയസ് പാര്‍ലമെന്റ്, വുമണ്‍സ് പാര്‍ലമെന്റ്, മീഡിയ പാര്‍ലമെന്റ്, എജുക്കേഷണല്‍ പാര്‍ലമെന്റ് എന്നീ വിഭാഗങ്ങളില്‍ പ്രമുഖരായ സാഹിത്യ സാംസ്‌കാരിക സാമുദായിക നേതാക്കന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും അവലോകനങ്ങളും ഉണ്ടാകും.
വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡ് വിതരണം ചെയ്യുും. യുദ്ധമുഖത്ത് സമാധാന ചര്‍ച്ചകളും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സധൈര്യം പ്രവര്‍ത്തിച്ച വൈറ്റ് ഹൗസിലെ ഫെയ്ത്ത് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. അലക്‌സാണ്ടര്‍ കുര്യനാണ് ഈ വര്‍ഷത്തെ വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡ് നല്‍കുന്നത്. എയര്‍ലൈന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുകയും അതുവഴി ലഭിക്കുന്ന ലാഭത്തിന്റെ പകുതിയോളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കുകയും ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ദേശ വിത്യാസമില്ലാതെ കാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന ജോണ്‍ ടൈറ്റസിന് വേള്‍ഡ് പീസ് മിഷന്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും സാധാരണക്കാരായ സ്ത്രീകള്‍ക്കിടയില്‍ സാധാരണക്കാരിയായി ജീവിച്ച് അവര്‍ക്ക് ആരോഗ്യകരമായ ജീവിതമാര്‍ഗം കാണിച്ചു കൊടുക്കുകയും ജനകീയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള നീതി നിഷേധനത്തിന് എതിരെ പോരാടുകയും ചെയ്ത സോഷ്യല്‍ ആക്ടിവിസ്റ്റ് ദയാഭായി വിമന്‍ എംപവര്‍മെന്റ് വിഭാഗത്തില്‍ പുരസ്‌കാരം സ്വീകരിക്കും.
ആഫ്രിക്കയിലെ പാവങ്ങള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് സഞ്ചരിക്കുന്ന മദര്‍. മെലോമ പാവപ്പെട്ട രോഗികള്‍ക്കും കിഡ്‌നി സംബന്ധമായ ആവശ്യങ്ങള്‍ക്കും നിര്‍ലോപം നിരന്തരം സഹായം എത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലിനും ഗ്ലോബല്‍ ചാരിറ്റി എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. സിജോ വടക്കന്‍ (CEO ട്രിനിറ്റി ഗ്രൂപ്പ് ടെക്‌സസ് ), ജിജു ജോസ് (J&J കണ്‍സ്ട്രക്ഷന്‍ കമ്പനി, Ajaman UAE), ബാബു സ്റ്റീഫന്‍, ജോ കുരുവിള, സജിമോന്‍ ആന്റണി എന്നിവര്‍ക്ക് ഗ്ലോബല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ലഭിക്കും.
കലാപകുലുഷിതമായ ഭൂമിയില്‍ സമാധാനത്തിന്റെ പ്രായോഗിക പാഠങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നും പ്രായോഗികമാക്കണമെന്നും ഈ കോണ്‍ക്ലേവിന്റെ പഠന വിഷയമാകും. രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങള്‍ക്കും മാനവരാശിയെ ഭയപ്പെടുത്തുന്ന ഭീകരതയ്ക്കും എതിരെ സംഘടിക്കാനാണ് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ഡോ.സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തുന്ന പീസ് പാര്‍ലമെന്റിന്റെ ഉദ്ദേശവും ലക്ഷ്യവും.








