ചെങ്കോട്ട സ്‌ഫോടനം: റോക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ച ഉമര്‍ നബിയുടെ സഹായി അറസ്റ്റില്‍

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസില്‍, മുഖ്യപ്രതി ഉമര്‍ നബിയുടെ മറ്റൊരു സഹായിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്തു. ആക്രമണത്തിന് സാങ്കേതിക സഹായം നല്‍കിയ കശ്മീര്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ഡ്രോണുകള്‍ രൂപമാറ്റം വരുത്തുകയും റോക്കറ്റ് നിര്‍മിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.

അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ കാസിര്‍ ബിലാല്‍ വാനി എന്ന ഡാനിഷിനെയാണ് അറസ്റ്റു ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ഉമര്‍ നബിയുടെ അടുത്ത സഹായിയായിരുന്നു ഡാനിഷ്. ഇയാള്‍ ഉമര്‍ നബിയുമായി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഉമര്‍ നബിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്‍ഐഎ വക്താവ് അറിയിച്ചു. ശ്രീനഗറില്‍ നിന്നാണ് ഡാനിഷിനെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഉമര്‍ നബിയുടെ അടുത്ത സഹായിയായ ആമിര്‍ റാഷിദ് അലി എന്നയാളെ ഇന്നലെ എന്‍ഐഇ അറസ്റ്റു ചെയ്തിരുന്നു. ആമിറിന്റെ പേരിലായിരുന്നു ചെങ്കോട്ടയ്ക്കു സമീപം പൊട്ടിത്തെറിച്ച ഐ 20 കാര്‍ വാങ്ങിയത്. സ്‌ഫോടനത്തിനായി കാര്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതിനായാണ് ആമീര്‍ ഡല്‍ഹിയില്‍ എത്തിയതെന്നും എന്‍ഐഇ കണ്ടെത്തിയിരുന്നു.

അതിനിടെ, ചെങ്കോട്ട സ്‌ഫോടന കേസിലെ പ്രതികളുടെ കേന്ദ്രമായി പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാനും സ്ഥാപകനുമായ ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. യുജിസിയും നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലും (എന്‍എഎസി) അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.