ബംഗ്ലാദേശ്; ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരണവുമായി ഇന്ത്യ
ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി ഇന്ത്യ. ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന്, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ഇന്ത്യ ക്രിയാത്മകമായി ഇടപഴകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
‘ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയ നടപടി ശ്രദ്ധയില്‍പെട്ടു. സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവയുള്‍പ്പെടെ ബംഗ്ലാദേശിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആ ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായും ഇന്ത്യ എപ്പോഴും ക്രിയാത്മകമായി ഇടപെടും’, വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശ് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും വധശിക്ഷ വിധിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റു പ്രവൃത്തികള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു 2 പേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. ബംഗ്ലാദേശില്‍ പ്രക്ഷോഭം രൂക്ഷമായതോടെ 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.









