ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഏത് തരത്തിലുള്ള ഭീകരതയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ഭീഷണികളൊന്നും വിലപോവില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”രക്തവും ജലവും ഒരുമിച്ച് ഒഴുക്കുക അസാധ്യം. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടം മാത്രമാണ് കഴിഞ്ഞത്. പാകിസ്ഥാന്റെ ഭാ?ഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമാെരു ട്രെയിലര്‍ മാത്രമാണ്. ഭാവിയില്‍ ഏത് സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ തയാറാണ്. ഏത് ദൗത്യത്തിനും കര, വ്യോമ, നാവികസേനയുടെ ഏകോപനം ആവശ്യമാണ്. എല്ലാവരും ഒരുമിച്ച് പോരാടണം. നാല് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഭാരതത്തിന് ഉറപ്പാക്കാനാവും”.
യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂറില്‍ 88 മണിക്കൂര്‍ പോരാടി. അടുത്ത തവണ നാല് മാസമോ നാല് വര്‍ഷമോ ആകാം. അതിന് ആവശ്യമായ സാധനങ്ങളും ആയുധങ്ങളും നമ്മുടെ പക്കലുണ്ടാകണം. ഇല്ലെങ്കില്‍ നമ്മള്‍ അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









