28 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രിയ വീണ്ടും ലോകകപ്പിലേക്ക്!

വിയന്ന: മിഖായേല്‍ ഗ്രിഗോറിഷിന്റെ മനോഹര ഗോളിലൂടെ ബോസ്‌നിയക്കെതിരെ സമനില പിടിച്ചു ഓസ്ട്രിയ ലോകകപ്പില്‍ യോഗ്യത നേടി. 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഓസ്ട്രിയ ഈ സുവര്‍ണ്ണ നേട്ടം കരസ്ഥമാക്കിയത്. 77-ാം മിനിറ്റിലെ 1-1 സമനില ഗോളിലൂടെ ഓസ്ട്രിയ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനം നേടി. 1998ന് ശേഷം ഓസ്ട്രിയയുടെ ആദ്യ ലോകകപ്പ് യോഗ്യതാമത്സരമായി ഇത്.

ബോസ്‌നിയയുടെ ഹാരിസ് തബക്കോവിച്ച് ആദ്യപകുതിയില്‍ ഹെഡര്‍ ഗോള്‍ നേടി ഓസ്ട്രിയയ്ക്കു സ്വന്തം മണ്ണില്‍ അതീവ സമ്മര്‍ദ്ദം നല്‍കി. എന്നാല്‍ അവസാന ഘട്ടത്തില്‍ മൈക്കല്‍ ഗ്രെഗോറിറ്റ്സ്ചിന്റെ (Michael Gregoritsch) മറുപടി ഗോള്‍ വിയന്നയുടെ ഏണസ്റ്റ്-ഹാപ്പല്‍ സ്റ്റേഡിയത്തില്‍ ചരിത്രമായി. ഹാഫ്-ടൈമിന് മുമ്പ് ഓസ്ട്രിയ സ്‌കോര്‍ ചെയ്ത ഗോള്‍ നിരസിക്കപ്പെട്ടത്തിന്റെ വേദനയില്‍ എരിഞ്ഞ ടീമിന് മറുപടി ഗോള്‍ നല്‍കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ലോകകപ്പിന്റെ കവാടം ഓസ്ട്രിയയുടെ മുന്‍പില്‍ ഒരിക്കല്‍ കൂടി കൊട്ടിയടയ്ക്കപ്പെടുമായിരുന്നു. ഒടുവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങളുമായി യുവേഫ യോഗ്യതാ വിഭാഗത്തിലെ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനം നേടി മൂന്നു പതിറ്റാണ്ടിനു ശേഷം ഒരു ലോക കപ്പ് ഫൈനലില്‍ ഓസ്ട്രിയ വീണ്ടും കളിക്കും.

അതേസമയം ഗ്രൂപ്പില്‍ ഒന്നാമതെത്താനും 2014-ലെ കന്നി മത്സരത്തിന് ശേഷം രണ്ടാം ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ വിജയം അനിവാര്യമായിരുന്ന ബോസ്നിയ, ഹാരിസ് ടബാക്കോവിച്ച് 12-ാം മിനിറ്റില്‍ ഹെഡ് ചെയ്ത് ഓസ്ട്രിയയ്ക്ക് നല്‍കിയ ആദ്യ പ്രഹരം കാല്‍പ്പന്തുകളിയുടെ ലോകം അമ്പരപ്പപ്പോടെയാണ് വീക്ഷിച്ചത്.

ശനിയാഴ്ച റൊമാനിയയ്ക്കെതിരായ 3-1 വിജയം ഉള്‍പ്പെടെ, അവസാന മൂന്ന് യോഗ്യതാ മത്സരങ്ങളിലും ഗോള്‍ നേടിയ കോച്ച് റാള്‍ഫ് റാങ്നിക്കിന്റെ ‘പിള്ളേര്‍’ കോണ്‍റാഡ് ലൈമറിന്റെ പാഴായ ഗോളിന്റെ ആഘാതത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയായി പറന്നുയര്‍ന്ന് ലോകകപ്പ് മത്സരങ്ങളിലേയ്ക്ക് പാഞ്ഞുകയറി. സാബിറ്റ്സയുടെ ക്രോസ് സെയില്‍ ബോസ്നിയന്‍ ഗോള്‍ കീപ്പറെ മറികടന്ന് ഗ്രിഗോറിറ്റ്ഷ് തൊടുത്തവിട്ട തന്റെ 23-ാമത്തെയും ഏറ്റവും അവിസ്മരണീയവുമായ അന്താരാഷ്ട്ര ഗോള്‍ ഓസ്ട്രിയയ്ക്ക് ചരിത്ര ഗോളായി മാറുകയും ചെയ്തു.

തെരുവിലും, വീടുകളിലും സോഷ്യല്‍ മീഡിയയിലും ”ഓസ്ട്രിയ വീണ്ടും ലോകകപ്പിലേക്ക്” എന്ന ടാഗ്ലൈനുമായി ഓസ്ട്രിയ ആരാധകര്‍ ആടിത്തിമിര്‍ക്കുകയാണ്. ഒപ്പം ടീമിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച കളിക്കാരായ അര്‍നൗട്ടോവിച്ച്, അലബ, സാബിറ്റ്സര്‍ എന്നിവരുടെ സ്വപ്നങ്ങളും വാനോളം ഉയര്‍ന്നിരിക്കുകയാണ്.