ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയുടെ വീഡിയോ കിട്ടിയത് സ്വന്തം ഫോണില്‍ നിന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ ചാവേറാക്രമണം നടത്തിയ ഡോ.ഉമര്‍ നബി സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ കിട്ടിയത് അയാളുടെ മൊബൈല്‍ ഫോണില്‍നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഉമര്‍ തന്റെ ഫോണ്‍ ഇളയ സഹോദരന് കൈമാറിയതായാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടന്ന രാത്രിയില്‍ ജമ്മു കശ്മീര്‍ പോലീസ് പുല്‍വാമയിലെ വസതിയില്‍ നിന്ന് ഉമറിന്റെ സഹോദരനെ പിടികൂടിയിരുന്നു. ഉമറിന്റെ മൂത്ത സഹോദരനും പോലീസ് കസ്റ്റഡിയിലാണ്.
”ചോദ്യം ചെയ്യലില്‍, സഹോദരനാണ് ഫോണ്‍ തനിക്ക് നല്‍കിയതെന്ന് അയാള്‍ സമ്മതിച്ചു. ഉമര്‍ പറഞ്ഞതനുസരിച്ചാണ് അയാള്‍ (ഇളയ സഹോദരന്‍) ഫോണ്‍ അഴുക്കുചാലില്‍ ഉപേക്ഷിച്ചത്. ദീര്‍ഘനേരം നീണ്ട തിരച്ചിലിനൊടുവിലാണ് ഞങ്ങള്‍ക്ക് ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞത്,” ഒരു വൃത്തം പറഞ്ഞു. ഫോണ്‍ വീണ്ടെടുത്ത ശേഷം, പോലീസ് അത് ഡാറ്റാ എക്സ്ട്രാക്‌റ്റേഷനായി അയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
”നിലവില്‍ പ്രചരിക്കുന്ന വീഡിയോ ഉള്‍പ്പെടെ കുറഞ്ഞത് നാല് വീഡിയോകളെങ്കിലും എക്സ്ട്രാക്റ്റു ചെയ്തു. വീഡിയോകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), സംസ്ഥാന അന്വേഷണ ഏജന്‍സി (എസ്ഐഎ) എന്നിവര്‍ക്കായി കൈമാറി,” വൃത്തങ്ങള്‍ അറിയിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരില്‍ പ്രധാനിയായിരുന്നു ഉമറെന്നും ചാവേര്‍ ആക്രമണത്തെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഉമറിന്റെ കൂട്ടാളികള്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉമറിനെ കൂടാതെ, അല്‍ ഫലാഹ് സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡോ.മുസമ്മില്‍ അഹമ്മദ് ഗനായ്, സഹാറന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ.അദീല്‍ മജീദ് റാത്തര്‍, ലക്നൗ സ്വദേശിയും അല്‍ ഫലാഹ്സില്‍ ജോലി ചെയ്തിരുന്നതുമായ ഡോ.ഷഹീന്‍ ഷാഹിദ് അന്‍സാരി എന്നിവരാണ് ഭീകര സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ആക്രമണത്തിന് ഒരു ലക്ഷ്യമോ തീയതിയോ നിശ്ചയിച്ചിരുന്നില്ലെന്ന് അറസ്റ്റിലായ മൂന്ന് ഡോക്ടര്‍മാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പറയപ്പെടുന്നു. ഉമര്‍ തിടുക്കപ്പെട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നും അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.







