അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്

ന്യുയോര്‍ക്ക്:റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്. കരട് കരാറിലെ വ്യവസ്ഥകളെപ്പറ്റി യൂറോപ്പ്, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ മലക്കംമറിച്ചില്‍. ഇന്ന് കരട് കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യുക്രെയ്ന്‍ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ ജനീവയില്‍ യോഗം ചേരും.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പൗവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കരാര്‍ വ്യവസ്ഥകളുടെ പേരില്‍ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുകയാണെന്നും സെലന്‍സ്‌കി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചിരുന്നു.

കരാര്‍ വ്യവസ്ഥകള്‍ റഷ്യയ്ക്ക് അനുകൂലമാണെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെയും യുക്രെയ്‌ന്റെയും വിലയിരുത്തല്‍. കരട് കരാര്‍ നവംബര്‍ 27-നകം യുക്രെയ്ന്‍ അംഗീകരിച്ചില്ലെങ്കില്‍ ആയുധമടക്കമുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.റഷ്യയുടെ യുക്രെയ്ന്‍ സമാധാന കാരാറിനെ ചൊല്ലി ജി20 അംഗങ്ങള്‍ക്കിടയിലെ വ്യത്യസ്താഭിപ്രായങ്ങള്‍ ഉച്ചകോടിയില്‍ പ്രതിഫലിച്ചിരുന്നു.

അതേസമയം, 2025ല്‍ ഇതുവരെ ഉക്രെയ്നിലെ ഏകദേശം 5,000 ചതുരശ്ര കിലോമീറ്റര്‍ (1,930 ചതുരശ്ര മൈല്‍) പ്രദേശത്തിന്റെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അവകാശപ്പെട്ടു. ഉന്നത സൈനിക കമാന്‍ഡര്‍മാരുമായുള്ള ഒരു യോഗത്തിന് ശേഷമാണ് പുടിന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.