കൊളറാഡോയില്‍ കുട്ടികളെ കൊന്ന് യുകെയിലേക്ക് കടന്ന അമ്മയെ തിരിച്ചയക്കാന്‍ കോടതി ഉത്തരവ്
പി പി ചെറിയാന്‍
കൊളറാഡോ: സ്വന്തം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസില്‍, കൊളറാഡോ സ്വദേശിനിയായ കിംബര്‍ലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക് തിരിച്ചയക്കാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടു.
കൊളറാഡോയില്‍ വച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട സിംഗ്ലറെ അറസ്റ്റ് ചെയ്തിരുന്നു.കൊളറാഡോയിലെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലര്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ഈ വാദം ജഡ്ജി തള്ളി. സമാനമായ കേസുകളില്‍ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
2023 ഡിസംബര്‍ 19-ന് കൊളറാഡോ സ്പ്രിംഗ്സിലെ അപ്പാര്‍ട്ട്മെന്റില്‍ നടന്ന മോഷണശ്രമം സിംഗ്ലര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഒമ്പതു വയസ്സുള്ള മകളും ഏഴു വയസ്സുള്ള മകനും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്, മോഷണവാദം തെറ്റിദ്ധാരണ ആണെന്ന് തെളിയുകയും, കൊലപാതകം സിംഗ്ലര്‍ നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
ലണ്ടനിലെ കെന്‍സിംഗ്ടണില്‍ ഒളിവിലിരിക്കെയാണ് സിംഗ്ലറെ 2023 ഡിസംബര്‍ 30-ന് അറസ്റ്റ് ചെയ്തത്.
സിംഗ്ലറെ എപ്പോഴാണ് കൊളറാഡോയിലേക്ക് കൈമാറുക എന്നതിനെക്കുറിച്ച് നിലവില്‍ വ്യക്തതയില്ല.









