പഴയ അപ്പോയിന്റ്‌മെന്റ് തീയതികളില്‍ എത്തരുതെന്ന് മുന്നറിയിപ്പ്; യുഎസ് വിസ അപേക്ഷകര്‍ക്ക് പുതിയ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വിസ അപ്പോയിന്റ്‌മെന്റ് തീയതികളില്‍ മാറ്റം വന്നതായി ഇമെയില്‍ ലഭിച്ച അപേക്ഷകര്‍ പഴയ തീയതിയില്‍ കോണ്‍സുലേറ്റുകളില്‍ എത്തരുതെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റീഷെഡ്യൂള്‍ ചെയ്തതായി അറിയിപ്പ് ലഭിച്ചവര്‍, അവര്‍ക്ക് അനുവദിച്ചിരിക്കുന്ന പുതിയ തീയതിയില്‍ മാത്രമേ എത്താവൂ എന്ന് എംബസി വ്യക്തമാക്കി.
പഴയ തീയതിയില്‍ എത്തുന്നവര്‍ക്ക് എംബസിയിലോ കോണ്‍സുലേറ്റുകളിലോ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യുഎസ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
‘നിങ്ങളുടെ വിസ അപ്പോയിന്റ്‌മെന്റ് പുനഃക്രമീകരിച്ചതായി ഇമെയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍, പുതിയ തീയതിയില്‍ നിങ്ങളെ സഹായിക്കാന്‍ മിഷന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, നേരത്തെ നിശ്ചയിച്ച തീയതിയിലാണ് നിങ്ങള്‍ എത്തുന്നതെങ്കില്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പ്രവേശനം നിഷേധിക്കപ്പെടും,’ എന്ന് എംബസി കുറിപ്പില്‍ വ്യക്തമാക്കി.
മാറ്റത്തിന് കാരണം എച്ച്-1ബി , എച്ച്-4 തുടങ്ങിയ വിസ വിഭാഗങ്ങളിലുള്ള അപേക്ഷകരെയാണ് ഈ മാറ്റം പ്രധാനമായും ബാധിച്ചിരിക്കുന്നത്. യുഎസ് വിസ പരിശോധനാ നടപടികളിലെ മാറ്റങ്ങളാണ് ഇതിന് കാരണം. സോഷ്യല്‍ മീഡിയ പരിശോധനകളും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും വിപുലീകരിച്ചതോടെ അഭിമുഖങ്ങള്‍ ക്രമീകരിക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. 2025 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന പല അഭിമുഖങ്ങളും ഇതേത്തുടര്‍ന്ന് 2026 തുടക്കത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷകരുടെ അപ്പോയിന്റ്‌മെന്റ് മാറ്റിയിട്ടുണ്ടോ എന്നറിയാന്‍ ഇമെയിലുകള്‍ കൃത്യമായി പരിശോധിക്കുക.
പഴയ തീയതികളില്‍ കോണ്‍സുലേറ്റുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, അത്തരം സന്ദര്‍ശകര്‍ക്ക് പ്രവേശനം ലഭിക്കില്ല.
ഇമെയിലിലോ കണ്‍ഫര്‍മേഷന്‍ സ്ലിപ്പിലോ നല്‍കിയിരിക്കുന്ന പുതിയ തീയതിയില്‍ മാത്രം എത്താന്‍ തയ്യാറെടുക്കുക.




