സര്‍ക്കാരിന്റെ അതിഥിയായി ഭാവന ക്രിസ്മസ് വിരുന്നില്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി നടി ഭാവന പങ്കെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. നടി വിരുന്നില്‍ പങ്കെടുത്തതിന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

‘സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന ക്യാപ്ഷനോടെയായിരുന്നു മന്ത്രി ചിത്രം പങ്കുവച്ചത്. വിവിധ മതനേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ നിരവധി പ്രമുഖരും വിരുന്നില്‍ പങ്കെടുത്തതായാണ് വിവരം.

ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും വിരുന്നിന്റെ ഭാഗമായി. ഗോവയിലായതിനാല്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിരുന്നില്‍ പങ്കെടുത്തില്ല. ഇതിനു പകരമായി ലോക്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കുമെന്നാണ് വിവരം.

അതേസമയം, ‘ദി ഡോര്‍’ ആണ് ഭാവന നായികയായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തിയ ചിത്രംകൂടിയാണ് ദി ഡോര്‍. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ് നിര്‍മിച്ചത്.