ശാന്ത രാത്രി തിരുരാത്രി: ഓസ്ട്രിയയില്‍ പിറന്ന് ലോകം ഏറ്റുപാടിയ ക്രിസ്മസിന്റെ മഹാകാവ്യത്തിന് 207 വയസ്സ്
ഓരോ ക്രിസ്മസ് കടന്നു പോകുമ്പോഴും ഈ ഗാനം ഇന്നും ലോകത്തിലെ ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും ആലപിക്കുന്നു. ഉണ്ണിയേശുവിന്റെ ജന്മരാവിനെ വിവരിക്കുന്ന ഗാനം ഓസ്ട്രിയയുടെ സുന്ദരമായ ഗ്രാമീണതയില്‍ സംഗീതം നല്‍കപ്പെട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സാല്‍സ്ബുര്‍ഗില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയുള്ള ഓബേന്‍ഡോര്‍ഫ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സെന്റ് നിക്കോളാസ് ദേവാലയത്തില്‍ 1818 ലെ ക്രിസ്മസ് തലേന്ന് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പുതുതായി ഓബേന്‍ഡോര്‍ഫിലെത്തിയ യുവ വൈദീകന്‍ ഫാ. ജോസഫ് മോര്‍ എഴുതിയ (1816-ല്‍ എഴുതിയെന്നാണ് കരുതുന്നത്) വരികള്‍ പള്ളിയിലെ ഗായക സംഘം നയിക്കുന്ന ഫ്രാന്‍സ് ഗ്രുബറുടെ കൈവശം നല്കി. പള്ളിയില്‍ പാടാവുന്ന തരത്തില്‍ വരികള്‍ക്ക് സംഗീതം നലകണമെന്നാണ് ജോസഫ് അച്ചന്‍ ഗ്രുബര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഇത് 1818 ഡിസംബര്‍ 24ാം തിയതി ആയിരുന്നു. അന്ന് വൈകിട്ട് തന്നെ വെറും ഒരു സ്‌കൂള്‍ സംഗീതമാസ്റ്ററായ ഫ്രാന്‍സ് ഗ്രൂബര്‍ ഗാനം ചിട്ടപ്പെടുത്തി ജോസഫ് അച്ചന്റെ അടുത്ത് എത്തി പാടി കേള്‍പ്പിച്ചു. അച്ചന് സംഗീതം നന്നായി ബോധിച്ചു. അദ്ദേഹം അന്നത്തെ ക്രിസ്മസ് കുര്‍ബാനയില്‍ ആ ഗാനവും ഉള്‍പ്പെടുത്തി. കുര്‍ബാനയക്ക് വന്നവര്‍ക്കെല്ലാം പാട്ട് വളരെ ഇഷ്ട്ടപെട്ടു പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന കപ്പല്‍ ജോലിക്കാര്‍ക്ക്. ഈ വിവരം 1854 ഡിസംബര്‍ 30ാം തിയതി ഗ്രൂബര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ചത്.
ശാന്തരാത്രി തിരുരാത്രിയുടെ പിറവിയുമായി നിരവധി കഥകള്‍ നിലവിലുണ്ടെങ്കിലും വിശ്വസനീയമായ ഒരു കഥ ഇങ്ങനെയാണ്. ക്രിസ്മസ് രാത്രിയില്‍ പാടാനുള്ള പാട്ടുകളുടെ പരിശീലനം നടക്കുമ്പോള്‍ പള്ളിയിലെ ഹാര്‍മോണിയം പെട്ടെന്ന് തകരാറിലായി. ഗായക സംഘത്തിനു നേതൃത്വം നല്കുന്ന ഗ്രൂബറിനോട് ഫാ. മോര്‍ ഗിറ്റാറില്‍ ആലപിക്കാവുന്ന ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ഉടനെ ആവശ്യപ്പെട്ടു. അതിനു അദ്ദേഹം തന്നെ 1816ല്‍ രചിച്ച വരികള്‍ ഗ്രൂബറിന് കൈമാറി. പാട്ടെഴുതി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.
ജര്‍മന്‍ ഭാഷയില്‍ ആദ്യമായി ആലപിച്ച ഈ ഗാനം പിന്നെ ചരിത്രമായി. 19-ാം നൂറ്റാണ്ടില്‍ ”സൈലന്റ് നൈറ്റ്” അതിവേഗം യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. രാജ്യത്തെ ജനകീയ ഗായകര്‍ ഈ ഗാനം യൂറോപ്പിലുടനീളം പ്രചരിപ്പിച്ചു. യാത്രക്കാരും ഗായകസംഘങ്ങളും ഇത് ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, തുടര്‍ന്ന് ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലെത്തിച്ചു. തുടര്‍ന്ന് 1800-കളുടെ മധ്യത്തോടെ പല ഭാഷകളിലേക്കും ഗാനം പരിഭാഷ ചെയ്യപ്പെട്ടു. 1914-ലെ ഒന്നാം ലോകമഹായുദ്ധകാലത്തെ ക്രിസ്മസ് സമാധാന ഉടമ്പടിയില്‍, യുദ്ധഭൂമിയില്‍ എതിര്‍ഭാഗങ്ങളിലായിരുന്ന സൈനികര്‍ വിവിധ ഭാഷകളില്‍ ”സൈലന്റ് നൈറ്റ്” ഒരുമിച്ച് പാടി സമാധാന സന്ദേശം കൈമാറിയിരുന്നു.ആത്മാവിനെ തൊടുന്ന അത്ഭുത രാഗമായി ക്രിസ്മസ് ദിനങ്ങളില്‍ ഈ കരോള്‍ ഇന്നും ലോകം മുഴുവന്‍ ഏകദേശം 300 ഭാഷകളില്‍ ഏതാണ്ട് ഒരേ രീതിയില്‍ തന്നെ ആലപിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഗാനങ്ങളില്‍ ഒന്നാമനും ഇത് തന്നെയാണ്. ഫാ. ജോസഫ് മോറിന്റെ പേരില്‍ നിലവിലുള്ള ഏക കൈയെഴുത്ത് പ്രതിയും ‘ശാന്തരാത്രി തിരുരാത്രിയുടെതാണ്’. എന്നാല്‍ ഇത് നഷ്ടപ്പെട്ടെതായിട്ടാണ് കരുതുന്നത്.
സംഗീതം മിക്കവാറും അതേപടി നിലനില്‍ക്കുമ്പോള്‍, വരികള്‍ ഓരോ പ്രദേശത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ പ്രത്യേകതകള്‍ അനുസരിച്ച് മാറിയിട്ടുണ്ട്. മലയാളത്തിലും രണ്ടു മൂന്ന് ഗാനങ്ങള്‍ ഈ ചരിത്രകാവ്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിറന്നിട്ടുണ്ട്.
ലോകമെമ്പാടും പള്ളികളിലും വീടുകളിലും സംഗീതവേദികളിലും ക്രിസ്മസ് രാവില്‍ ആലപിക്കപ്പെടുന്ന ഈ ഗാനം യുനെസ്‌കോ (UNESCO) മനുഷ്യരാശിയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകമായും അംഗീകരിച്ചിട്ടുണ്ട്. ഇന്ന് ഈ കപ്പേളയും, അതിനോട് അനുബന്ധിച്ച മ്യൂസിയവും പ്രദേശമൊക്കെ ഓസ്ട്രിയയിലെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.







