‘ശാന്ത രാത്രി തിരുരാത്രി’

സാബു പള്ളിപ്പാട്ട്

എല്ലാ അതിരുകളെയും റദ്ദ് ചെയ്യുന്ന എന്തെങ്കിലുമൊന്ന് മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ടോ?

ആദിയില്‍ ഭൂമി ചുട്ടുപഴുത്ത ഒരു ഗോളമായി വെറുതെ തിരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അതിരുകളുണ്ടായിരുന്നില്ല. അഥവാ ഇതെന്റെതെന്ന് സ്ഥാപിക്കാന്‍ ജീവന്റെ ചലനം അവിടെയന്ന് ഉരുത്തിരിഞ്ഞിരുന്നുമില്ല. കുറെ കറങ്ങിയപ്പോള്‍ ഭൂമിയൊന്ന് തണുത്തു. പിന്നെയേതോ നക്ഷത്രങ്ങളില്‍ നിന്ന് തെറിച്ചകന്ന ഉല്‍ക്കകള്‍ ചില മൂലകങ്ങള്‍ ഭൂമിയില്‍ കൊണ്ടുചെന്നിട്ടു. പതിയെ ഏകകോശജീവികളും, ബഹുകോശജീവികളുമുണ്ടായി. ജീവന്‍ അപ്പുറത്ത് മറ്റൊന്നുകൂടിയുണ്ടെന്നറിഞ്ഞപ്പോള്‍ സ്വയം അതിരു കാക്കാന്‍ തുടങ്ങി.

ബോധം മനുഷ്യരിലെത്തിയപ്പോള്‍ അതിരുകള്‍ക്ക് കടുപ്പമേറിവന്നു. ഗോത്രങ്ങള്‍ പരസ്പരം ബദ്ധവൈരികളായി പോരടിച്ചു. ഓരോ ഗോത്രങ്ങളും സംരക്ഷകരായ ശക്തരായ ദൈവങ്ങളെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത് സ്വയമതില്‍ ശക്തി കണ്ടെത്തി. കരുത്തുള്ള ഗോത്രങ്ങള്‍ താരതമ്യേന ദുര്‍ബലമായ ഗോത്രങ്ങളെ പിടിച്ചെടുത്ത് അടിമകളാക്കി ഭരിച്ചു തുടങ്ങി. പാലും, തേനുമൊഴുകുന്ന സ്വന്തം ഭൂമിയിലേക്കുള്ള തിരിച്ചുപോക്ക് അങ്ങനെയാണ് മനുഷ്യര്‍ സ്വപ്നം കണ്ടു തുടങ്ങുന്നത്.

ചരിത്രം എഴുതി തുടങ്ങുന്നതും അങ്ങനെയൊരു ദശാസന്ധിയിലാണ്. അത്തരമൊരു വൈരുധ്യങ്ങളുടെ പോര്‍ക്കളത്തിലാണ് ഒരു ഹെഗേലിയന്‍ ഷിഫ്റ്റുണ്ടാകുന്നത്. വിരുദ്ധമായ നിലപാടുകള്‍ (thesis and antithesis) സമന്വയിക്കുന്നു (synthesis). ആ സമന്വയത്തെ അവര്‍ യേശുവെന്ന് പേരിടുന്നു. അവന്‍ കൊണ്ടുവന്നത് വലിയൊരു അത്ഭുതമായിരുന്നു. മനുഷ്യകുലത്തിന്റെ അതിരുകളെ റദ്ദ് ചെയ്യാന്‍ കെല്‍പ്പുള്ള ഒരേയൊരു മന്ത്രം.

സ്‌നേഹം. അത് മാത്രമാണ് അയാള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതിനെ പല കഥകളിലൂടെ വീണ്ടും, വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

ഹെഗേലിയനും, ഒരു ക്രിസ്ത്യന്‍ എത്തിയിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കാറുമുള്ള `സിസേക് ` നിങ്ങള്‍ ഒന്നിച്ചു കൂടുന്നിടത്ത് ഞാനുണ്ടെന്ന് ക്രിസ്തു പറഞ്ഞതിനെ മതപരമായ ഭാഷയില്‍ നിന്ന് മാറ്റി സ്‌നേഹത്തിന്റെ ഭാഷയില്‍ വായിച്ചെടുക്കണമെന്ന് പറയുന്നുണ്ട്. ”ഞാനെന്നത്” ക്രിസ്തു പഠിപ്പിച്ച സ്‌നേഹമാണെന്ന് ചുരുക്കം.

ഇരുപതാം നൂറ്റാണ്ടിലെ വലിയ യുക്തിവാദിയായ സാര്‍ത്രെ 1940 -ല്‍ തന്നോടൊപ്പം ജയിലിലുണ്ടായിരുന്ന ക്രിസ്ത്യന്‍ അച്ചന്‍മാര്‍ക്ക് വേണ്ടി ക്രിസ്തുമസ്സ് കാലത്ത് ഒരു നാടകമെഴുതി അവതരിപ്പിച്ചിട്ടുണ്ട്. ബെത്‌ലെഹമില്‍ യേശുവിനെ കൊല്ലാനായി പുറപ്പെടുന്ന ബാരിയോണ എന്നൊരു സേനാനായകനെ കുറിച്ചായിരുന്നു നാടകം. നിഷ്‌കളങ്കരായ ജോസഫിനെയും കുഞ്ഞിനേയും കണ്ട് യേശുവിനെ കൊല്ലാനാവാതെ തന്റെ കൂട്ടാളികളെയും കൂട്ടി ബാരിയോണ ഹേറോദേശിന്റെ സൈനികരോട് പടവെട്ടി സ്വയം മരണം വരിക്കുന്നതാണ് കഥാന്ത്യം. ഈ നാടകത്തില്‍ അത്യന്തം തരളിതമായാണ് മറിയത്തിന്റെ ഹൃദയത്തെ സാര്‍ത്ര് എഴുതി വെച്ചത്. കുഞ്ഞു ദൈവത്തെ മടിയിലെടുത്ത് ഒരേ സമയം വാത്സല്യത്തോടെയും, അത്ഭുതത്തോടെയും ആശ്ലേഷിച്ചുമ്മവെക്കുന്ന മറിയം.

തടവറയയില്‍ സ്‌നേഹം സാര്‍ത്രിനെ താന്‍ ചിന്തിക്കുന്നതിന് വിരുദ്ധമായി ചിന്തിക്കുന്നവരുമായി ഒന്നിപ്പിക്കുന്നു. ആധുനിക സമൂഹങ്ങളില്‍ ഇന്ന് ക്രിസ്തുമസ്സ് സ്‌നേഹത്തിന്റെ ഒന്നിക്കലാണ്. അവിടെ കുഞ്ഞു ഈശോയും, ആട്ടിടയന്മാരും, ആടുകളും, പുല്‍ക്കൂടും സ്‌നേഹത്തിന്റെ അടയാളങ്ങളായി മാറുന്നു. നിങ്ങള്‍ ഒന്നിച്ചു കൂടുന്നിടത്ത് ഞാനുണ്ടാകും (സ്‌നേഹം) എന്ന വാക്ക് അങ്ങനെ അന്വര്‍ത്ഥമാവുന്നു.

ആകാശവാതിലുകള്‍ തുറന്ന് മാലാഖമാര്‍ ”ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം” എന്ന ഗാനമാലപിക്കുന്നു. ഓസ്ട്രിയയിലെ ഒരു കുഞ്ഞു ഗ്രാമത്തില്‍ നിന്ന് ഫ്രാന്‍സ് ഗ്രൂബെര്‍ ആ രാത്രിക്ക്
മനോഹരമായ ഈണമിട്ട് ‘ശാന്ത രാത്രി തിരുരാത്രി’ എന്നൊരു പാട്ടൊരുക്കുന്നു..