ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ഷെര്‍ജില്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി.അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വിചാരണ കൂടാതെ ജയിലില്‍ കഴിയുകയാണെന്നും തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. നേരത്തെ സെപ്റ്റംബറില്‍ ഇവരുടെ ജാമ്യാപേക്ഷകള്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കലാപം പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള ജാമ്യവ്യവസ്ഥകള്‍ മറികടക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി തുടങ്ങിയ പ്രമുഖ അഭിഭാഷകരാണ് പ്രതികള്‍ക്കായി ഹാജരായത്. നീണ്ട കാലത്തെ തടവ് ജാമ്യം ലഭിക്കാനുള്ള അവകാശമായി കാണാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) നടന്ന പ്രതിഷേധങ്ങളുടെ മറവില്‍ ഡല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉമര്‍ ഖാലിദ്, ഷെര്‍ജില്‍ ഇമാം എന്നിവര്‍ക്കൊപ്പം ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഏഴ് പേരുടെ ഹര്‍ജികളും കോടതി തള്ളിയിട്ടുണ്ട്.

വിചാരണ വൈകുന്നതും ദീര്‍ഘകാലമായി തുടരുന്ന തടവും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശക്തമായി വാദിച്ചെങ്കിലും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസാണിതെന്ന് കോടതി വിലയിരുത്തുകയായിരുന്നു. കോടതി വിധി പുറത്തുവന്നതോടെ ഇവര്‍ ജയിലില്‍ തന്നെ തുടരും.