ദുബായില്‍ നടക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

ദുബായ്: ലോകത്തിലെ 167 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള പ്രമുഖ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു എം എഫ്) അഞ്ചാമത് ദ്വിവത്സര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2026 ജനുവരി 16, 17, 18 തീയതികളില്‍ ദുബായില്‍ വെച്ച് നടക്കും. ദുബായ് ദേയ്‌റയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലാണ് മൂന്ന് ദിവസത്തെ ഈ ആഗോള സംഗമത്തിന് വേദിയാകുന്നത്.

സ്‌നേഹത്തിലൂടെയും സഹകരണത്തിലൂടെയും മാറ്റത്തിനു തിരികൊളുത്താം എന്നതാണ് ഇത്തവണത്തെ കണ്‍വെന്‍ഷന്റെ പ്രമേയം. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുകയും അവരിലൂടെ കേരളത്തിന്റെ വികസനത്തിനും പ്രവാസി ക്ഷേമത്തിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് കണ്‍വെന്‍ഷന്‍ ലക്ഷ്യമിടുന്നത്. ദുബായിയില്‍ നടക്കുന്ന ഇത്തവണത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ ആഗോള പ്രവാസി സംഗമ വേദിയാകുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ ജെ രത്‌നകുമാര്‍ പറഞ്ഞു.

2016 ല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ഡോ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിരവധി ജീവകരുണ്യ – സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കോവിഡ്, 2018 ലെ വെള്ളപ്പൊക്കം, റഷ്യ യുക്രയിന്‍ യുദ്ധം ഈ സാഹചര്യങ്ങളിലൊക്കെ തന്നെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ സഹായങ്ങള്‍ എത്തിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിച്ചതില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം വേള്‍ഡ് മലയാളി ഫെഡറേഷന് ലഭിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം കണ്‍വെന്‍ഷന്‍ വേദിയില്‍ വെച്ച് നടക്കും. ഡബ്ല്യു.എം.എഫ്-ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്ത ഈ ഭവന പദ്ധതി സംഘടനയുടെ ഏറ്റവും അഭിമാനകരമായ പ്രോജക്റ്റുകളില്‍ ഒന്നാണ്.

കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ്, പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കൂടാതെ ഡോ. മുരളി തുമ്മാരുകുടി, സന്തോഷ് ജോര്‍ജ് കുളങ്ങര, സയ്യിദ് മുനവ്വറലി തങ്ങള്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. കലാരംഗത്തുനിന്ന് ചലച്ചിത്ര നടി ആശ ശരത്, മിഥുന്‍ രമേഷ് എന്നിവരും വിവിധ ജനപ്രതിനിധികളും വ്യവസായ പ്രമുഖരും സാംസ്‌കാരിക നേതാക്കളും 167 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.

പ്രമുഖ പ്രവാസി മലയാളികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘ഗ്ലോബല്‍ ഐക്കണ്‍സ്’ എന്ന പ്രീമിയം ഡയറക്ടറിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ശ്രീ. വി. നന്ദകുമാര്‍ നിര്‍വ്വഹിക്കും. ആഗോളതലത്തില്‍ ശ്രദ്ധേയരായ മലയാളികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഡയറക്ടറി പ്രവാസി സമൂഹത്തിന് വലിയൊരു മുതല്‍ക്കൂട്ടാകും.

പ്രവാസികള്‍ക്കിടയില്‍ വിവിധ രംഗങ്ങളില്‍ പ്രാവീണ്യം നേടിയവരുണ്ട്. ബിസിനെസ്സ്, സന്നദ്ധ സേവനം, ടെക്‌നോളജിക്കല്‍ ഇന്നോവേഷന്‍, കല, മീഡിയ, എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭര്‍ക്കും പ്രതിഭകള്‍ക്കും ഗ്ലോബല്‍ കോണ്‍വെന്‍ഷനില്‍ വച്ച് അംഗീകാരം നല്‍കും. അംഗീകാരങ്ങള്‍ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പ്രവാസി വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കുമായി പ്രത്യേക ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തിയ ബിസിനസ് സമിറ്റ്, ആഗോളതലത്തില്‍ വനിതകള്‍ നടത്തുന്ന മുന്നേറ്റവും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ‘എംപവര്‍ ഹെര്‍’ എന്ന പേരില്‍ വനിതാ സമ്മേളനം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന ‘വോയിസ് ഓഫ് പ്രവാസി’ പ്രവാസി സമ്മിറ്റ്, കല സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനം എന്നീ മുഖ്യ സെഷനുകള്‍ മൂന്നു ദിവസങ്ങളിലായി നടക്കും. പിന്നണി ഗായകര്‍ നയിക്കുന്ന സംഗീതനിശ, ക്രൂയിസ് ഡിന്നര്‍, മണലാരണ്യത്തിലെ സാഹസികമായ ഡെസേര്‍ട്ട് സഫാരി തുടങ്ങി വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലും ദുബായിലുമായി നടന്ന പത്രസമ്മേളനത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ ജെ രത്നകുമാര്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ വര്‍ഗീസ് പെരുമ്പാവൂര്‍, ഗ്ലോബല്‍ ട്രഷറര്‍ ടോം ജേക്കബ്, ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, ഗ്ലോബല്‍ ജോയിന്റ് ട്രഷറര്‍ വി എം സിദ്ദിഖ്, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം ഫിറോസ് ടി ഹമീദ്, മിഡില്‍ ഈസ്റ്റ് മുന്‍ വൈസ് പ്രസിഡന്റും ബിസിനെസ്സ് ഓര്‍ഗനൈസിംഗ് കമ്മിറ്റി മെമ്പറുമായ ഇഷ ഖുറേഷി, ഗ്ലോബല്‍ പി ആര്‍ ഓ നോവിന്‍ വാസുദേവ്, യുഎഇ നാഷണല്‍ സെക്രട്ടറി മുഹമ്മദ് അക്ബര്‍, യുഎഇ നാഷണല്‍ ട്രഷറര്‍ വീരാന്‍കുട്ടി, കേരള സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മരക്കാര്‍, ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് സുധീര്‍ ദേവരാജന്‍, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി കണ്‍വെന്‍ഷന്‍ ജോയിന്റ് കണ്‍വീനര്‍ സബീന വാഹിബ് തുടങ്ങിയവര്‍ പങ്കെടുത്തു.