ഇന്ത്യയ്ക്ക് മേല്‍ 500 ശതമാനം തീരുവ ഭീഷണി: പുതിയ ഉപരോധ ബില്ലിന് അനുമതി നല്‍കി ട്രംപ്

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ ഉപരോധ ബില്ലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം അവതരിപ്പിച്ച ഈ ബില്ലിലൂടെ, റഷ്യന്‍ എണ്ണയും ഗ്യാസും വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

മാസങ്ങളായി സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന ഉഭയകക്ഷി ഉപരോധ ബില്ലിനാണ് ട്രംപ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. റഷ്യയുടെ യുദ്ധസന്നാഹങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സഹായിക്കുന്ന രാജ്യങ്ങളെ നിയന്ത്രിക്കാനാണ് ഈ നീക്കം.

നിലവില്‍ തന്നെ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയിട്ടുണ്ട്. ഇത് 50 ശതമാനം വരെ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ബില്ല് കൂടി നിയമമായാല്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയെ അത് സാരമായി ബാധിക്കും.

അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീരുവകളില്‍ ഇളവ് നല്‍കണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന ആഴ്ച നിര്‍ണായകം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമാണെങ്കിലും, റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബില്ല് അടുത്ത ആഴ്ച തന്നെ സെനറ്റില്‍ വോട്ടിനിട്ടേക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്കിടയിലും റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ തടയാനാണ് അമേരിക്കയുടെ ഈ നീക്കം.

നിലവില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ഏകദേശം 18 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പുതിയ തീരുവ ഭീഷണി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക ലോകം.