ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 100,000 ഡോളര്‍; ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപിന്റെ വമ്പന്‍ പദ്ധതി

വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കില്‍ നിന്ന് വേര്‍പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിനായി ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രീന്‍ലാന്‍ഡിലെ 57,000ത്തോളം വരുന്ന ജനങ്ങള്‍ക്ക് ഒറ്റത്തവണയായി പണം നല്‍കാനാണ് ആലോചന. ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 100,000 ഡോളര്‍ വരെ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം ഇന്ത്യന്‍ രൂപ വരെ) നല്‍കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഉയര്‍ന്ന തുകയാണെങ്കില്‍ ഇതിനായി ഏകദേശം 6 ബില്യണ്‍ ഡോളര്‍ (ഏകദേശം 50,000 കോടി രൂപ) അമേരിക്കന്‍ സര്‍ക്കാരിന് ചെലവ് വരും.

ഗ്രീന്‍ലാന്‍ഡ് ‘വില്‍ക്കാനുള്ളതല്ല’ എന്ന് ഡെന്മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് ഭരണകൂടവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും, ദ്വീപ് സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം മുന്നോട്ട് പോവുകയാണ്. ദേശീയ സുരക്ഷ, തന്ത്രപ്രധാനമായ സ്ഥാനം, ധാതു സമ്പത്ത് എന്നിവ കണക്കിലെടുത്താണ് ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്ക താല്‍പ്പര്യപ്പെടുന്നത്. ‘ദേശീയ സുരക്ഷാ പരോക്ഷ്യത്തില്‍ ഗ്രീന്‍ലാന്‍ഡ് നമുക്ക് അനിവാര്യമാണ്,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള കോംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷന്‍മാതൃകയിലുള്ള കരാറാണ് അമേരിക്ക പരിഗണിക്കുന്നത്. ഇതുവഴി പ്രതിരോധം, തപാല്‍ തുടങ്ങിയ സേവനങ്ങള്‍ അമേരിക്ക നല്‍കുകയും, പകരം സൈനികാവശ്യങ്ങള്‍ക്കും വ്യാപാരത്തിനുമുള്ള അനുമതി നേടുകയും ചെയ്യും. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ മാത്രമേ ഇത്തരം കരാറുകള്‍ പ്രാവര്‍ത്തികമാകൂ.

അതേസമയം, അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ഗ്രീന്‍ലാന്‍ഡിലും യൂറോപ്പിലും പ്രതിഷേധം ശക്തമാണ്. ‘ഇനി അധിനിവേശ മോഹങ്ങള്‍ വേണ്ട’ എന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി പ്രതികരിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങള്‍ക്കും ഡെന്മാര്‍ക്കിനും മാത്രമാണെന്ന് ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും വ്യക്തമാക്കി.