ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായി

സ്‌നേഹ സാബു

കോട്ടയം: സമാധാനത്തിനു വേണ്ടിയുള്ള ഏത് പരിശ്രമവും, പ്രവര്‍ത്തനങ്ങളും ദൈവത്തിന്റെ-സൃഷ്ടികര്‍മ്മത്തിന്റെ തുടര്‍ച്ചയാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് കുര്യന്‍ ജോസഫ് വേള്‍ഡ് പീസ് മിഷന്‍ സംഘടിപ്പിച്ച ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വേള്‍ഡ് പീസ് മിഷന്‍,ലോകമെമ്പാടും സമാധാനം, ഐക്യം, മാനവ സൗഹൃദം, എന്നിവ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്നും, മതം, വര്‍ണം, ജാതി, ദേശം എന്നീ വേര്‍തിരിവുകളില്ലാതെ മനുഷ്യരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതാണ് വേള്‍ഡ് പീസ് മിഷന്റെ മുഖ്യ ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനം ഒരു ആശയം മാത്രമല്ല അത് ഒരു ഉത്തരവാദിത്വമാണ്. ജീവിക്കുന്ന ജീവിതവും ജീവിക്കാമായിരുന്ന ജീവിതവും എന്ന വേര്‍തിരിവുകളില്ലാതെ ജീവിക്കാനും, ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സമാധാനമെന്നും, ജനനത്തിനും മരണത്തിനും ഇടയില്‍ നന്മയുടെയും, കരുണയുടെയും, സമാധാനത്തിന്റെയും അടയാളമായി ജീവിച്ച്, ജീവിതം കാലാതിതമായി അടയാളപ്പെടുത്തണമെന്നും വേള്‍ഡ് പീസ് മിഷന്‍ സ്ഥാപകനും ചെയര്‍മാനും, സംഗീത സംവിധായകനുമായ ഡോ. സണ്ണി സ്റ്റീഫന്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ഉദ്ഘാടന സമ്മേളനത്തിന്റെ മുഖ്യ അതിഥിയും, പ്രശസ്ത നയതന്ത്ര വിദഗ്ധനുമായ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ സമാധാനത്തിന്റെ പൂര്‍ണവും സുതാര്യവുമായ ഒരു ലോകം സൃഷ്ടിക്കുകയെന്നത് അത്ര എളുപ്പമല്ല എന്ന് സൂചിപ്പിച്ചു. കാലം കടന്നു പോകുന്നതിനൊപ്പം മനുഷ്യന്റെ വ്യക്തിജീവിതത്തിലും, സാമൂഹിക ജീവിതത്തിലും, അനവധി പ്രശ്‌നങ്ങളും, വേദനകളും, അസ്വസ്ഥതകളും അടിഞ്ഞുകൂടിയിട്ടുണ്ട്. മനസ്സിനെയും, ചിന്തയെയും ബന്ധങ്ങളെയും പോലും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍നിന്ന് മോചിതരാകാന്‍ മറ്റുള്ളവരോടുള്ള വൈരാഗ്യവും വെറുപ്പും, മനുഷ്യനെ തകര്‍ക്കുന്നു. ക്ഷമയും കരുണയും വളര്‍ത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ സമാധാനം ഉണ്ടാകു. ഭയം മനുഷ്യനെ അടച്ചിടുന്നു. വിശ്വാസവും, ആത്മവിശ്വാസവും വളര്‍ത്തിയാല്‍ മാത്രമേ സ്വാതന്ത്ര്യബോധം കൈവരിക്കാനാകു. സ്വാര്‍ത്ഥതയും അധികാരമോഹവും സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുന്നു. വിനയവും, സേവനമനോഭാവവും സമാധാനത്തിന്റെ അടിസ്ഥാനമാണ്. മത-ജാതി വര്‍ണ്ണ വിഭജനങ്ങള്‍ മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നു. എല്ലാവരെയും ഒരേ മാനവ കുടുംബത്തിലെ അംഗങ്ങളായി കാണാനുള്ള ബോധമാണ് സമാധാനത്തിന്റെ വഴി. അനന്തമായ ആഗ്രഹങ്ങള്‍ തിന്മയ്ക്കും, പകയ്ക്കും, മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്കും കാരണമാകുന്നു. ലളിത ജീവിതവും, സംതൃപ്തിയും മനസ്സിന് ശാന്തി നല്‍കുന്നു. അറിവില്ലായ്മയും, തെറ്റായ ധാരണകളും വൈരത്തിന്റെ വിത്തുകളാണ്. സംവാദവും, വിദ്യാഭ്യാസവും അവയെ മാറ്റിമറിക്കും. ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും, നിയന്ത്രണം ഇല്ലാതാകുമ്പോള്‍, സമാധാനം നഷ്ടമാകുന്നു. ആത്മപരിശോധനയും, ആത്മീയ നിയന്ത്രണവും മാത്രമാണ് ഇതിനെല്ലാം പരിഹാരമെന്നും ശ്രീ.ടി.പി. ശ്രീനിവാസന്‍ തന്റെ മുഖ്യപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

വിഭജനങ്ങളും, അനശ്ചിതത്വങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് പീസ് പാര്‍ലമെന്റിന്റെ ലക്ഷ്യം സുതാര്യമാണ്. ഭിന്നതയ്ക്ക് പകരം ആരോഗ്യകരമായ സംവാദങ്ങളും സംഘര്‍ഷത്തിനു പകരം സമാധാനവും കരുണയ്ക്കും തെറ്റിദ്ധാരണയ്ക്കും പകരം ഐക്യം വളര്‍ത്തി, സമാധാനത്തിന്റെ ഒരു അരുവിയായി ജീവിതം ഒഴുകണമെന്നും, മറ്റ് ജീവിതങ്ങളുടെ അടിവേരുകളെ നനച്ച് സൗമ്യതയുടെയും, സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റെയും തളര്‍പ്പുണ്ടാക്കി, സ്‌നേഹ സന്തോഷത്തിന്റെ ഒരു പൂന്തോട്ടം ആയി ചേര്‍ന്നുനില്‍ക്കണമെന്നും, കഥകളും, ഉപകഥകളും കൂട്ടിച്ചേര്‍ത്ത് തത്വചിന്തകനും, ആത്മീയ ഗുരുവും വേള്‍ഡ് മിഷന്റെ മെന്ററുമായ ഫാ. ബോബി ജോസ് കട്ടിക്കാട് തന്റെ ധ്യാനാത്മകമായ സന്ദേശം പ്രകാശമുള്ളതാക്കി.വിദ്വേഷവും, പകയും, വിചാരണയും കൂടാതെ എല്ലാവരും കരങ്ങള്‍ ചേര്‍ത്തുപിടിച്ച് പ്രാര്‍ത്ഥിക്കാനും, സ്‌നേഹിക്കാനും പങ്കുവയ്ക്കുവാനും പ്രതീകാത്മമായി അദ്ദേഹം പഠിപ്പിച്ചു.

മതം മനുഷ്യനെ വിഭജിക്കാന്‍ വേണ്ടിയല്ല മനുഷ്യനെ മനുഷ്യനോട് ചേര്‍ക്കാനാണ്. വര്‍ണ്ണവും ജാതിയും, ഭാഷയും, നമ്മെ വേര്‍തിരിക്കാനല്ല,. വൈവിധ്യത്തില്‍ ഐക്യം കാണാന്‍ പഠിപ്പിക്കാനാണ്. ഇന്ന് ഇവിടെ നിന്ന് നമ്മള്‍ ഒരു തീരുമാനമെടുക്കണം. വെറുപ്പിനു പകരം കരുണ, അക്രമത്തിന് പകരം സംവാദം, സ്വാര്‍ത്ഥതയ്ക്ക് പകരം സേവനം, അതാണ് നമ്മുടെ പ്രതിജ്ഞ, അതാണ് നമ്മുടെ ദൗത്യം. മിയാവോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍. പീസ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് സാഹിത്യ സമ്മേളനം ആരംഭിച്ചു. സാഹിത്യത്തിലൂടെ സമാധാന വഴികള്‍ എങ്ങനെ ഒരുക്കാം എന്നതായിരുന്നു വിഷയം. ഫാ. ബോബി ജോസ്, പ്രൊഫ.ജോര്‍ജ് തോമസ്, ഷിജി ജോണ്‍സണ്‍, രേഖ. കെ എന്നിവരടങ്ങുന്ന പാനലാണ് ചര്‍ച്ചകള്‍ നടത്തിയത്.

തുടര്‍ന്ന് നടന്ന റിലീജിയസ് പാര്‍ലമെന്റില്‍ സിസ്റ്റര്‍ ഡോ. ആര്‍ദ്ര, സിസ്റ്റര്‍ ജെസ്സി മരിയ, ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍, പ്രൊഫ.കവിയൂര്‍ ശിവപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

ഉച്ചയ്ക്കുശേഷം വിമന്‍സ് പാര്‍ലമെന്റില്‍ ഇന്ത്യയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ദയബായി, എന്‍ഡോസല്‍ഫന്‍ കെടുതികളെ കുറിച്ച് സ്‌കിറ്റ് അവതരിപ്പിച്ചു. രാഷ്ട്രീയക്കാരുടെ കൈയില്‍നിന്നുണ്ടായ വീഴ്ചയെ,ഒരു ജില്ലയുടെ വിലാപത്തെ മറന്നു നടക്കുന്നവരെ വിചാരണ ചെയ്ത് ദുരന്തമുഖത്തെ മുന്നില്‍ കാണിച്ച് തന്ന അവതരണം യുവജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്ണ് തുറന്നു കാണാനും, ചിന്തിക്കുവാനും കാരണമായി. റവ. സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപുര സ്ത്രീകള്‍ക്ക് സമാധാന പരിശ്രമത്തില്‍ എങ്ങനെ പങ്കാളികളാകാംമെന്ന് മനോഹരമായ ക്ലാസ്സ് നല്‍കി. മീഡിയ പാര്‍ലമെന്റില്‍ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ശ്രീ. ബ്ലെസി, ഡോ.ബിബു നാരായണന്‍, ശ്രീ. ബിജോയ് ചെറിയാന്‍, ജോസ് ഡേവിഡ് എന്നിവര്‍ പങ്കെടുത്തു. സിനിമയിലൂടെ സമാധാനത്തിനായി പുതിയ വഴികള്‍ തുറക്കാമെന്ന് പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലെസി പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്ന കഥകള്‍ക്ക് പകരം കരുണയും, സഹവര്‍ത്തിത്വവും, പഠിപ്പിക്കുന്ന സിനിമ ഉണ്ടാകണം. ആക്രമത്തെ മഹത്വപ്പെടുത്തുന്നതിനേക്കാള്‍ മനുഷ്യന്റെ മൂല്യവും ഉത്തരവാദിത്വവും, ഉയര്‍ത്തി കാട്ടണമെന്നും, ഒരു നല്ല സിനിമ ഒരാളുടെ മനസ്സ് മാറ്റാം. അങ്ങനെ മാറുന്ന ഓരോ മനസ്സും, പുതിയൊരു സമാധാന വഴി തുറക്കുമെന്നും ബ്ലെസ്സി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു നടന്ന വിദ്യാഭ്യാസ പാര്‍ലമെന്റ് പ്രൊഫ. ഡോ. റൂബിള്‍ രാജ് വിദ്യാഭ്യാസത്തിലൂടെ സമാധാന ജീവിതം എങ്ങനെ നേടിയെടുക്കാമെന്ന് തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ വിശദീകരിച്ചു. ഡോ. കമല.കെ, അഭിലാഷ് ജോസഫ്, ഡോക്ടര്‍ തോമസ് എബ്രഹാം, ഡോക്ടര്‍ ജിജി കൂട്ടുമ്മല്‍ എന്നിവര്‍ അടങ്ങുന്ന പാനല്‍ ശക്തമായ സന്ദേശം നല്‍കി. ഓരോ പാര്‍ലമെന്റിന് ശേഷവും, 5 ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിക്കുന്ന വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങളടങ്ങിയ വീഡിയോ പ്രസന്റേഷനുമുണ്ടായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് ശ്രീ.ഡീജോ. പി. വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വീഡിയോ പ്രസന്റേഷന്‍. സമ്മേളനത്തില്‍ അഞ്ചു കോണ്ടിനെന്റില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

ഡോ. സണ്ണി സ്റ്റീഫന്‍ 1995ല്‍ ആരംഭിച്ച വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ച് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, മതാന്തരസംവാദം, കുടുംബ നവീകരണ മിഷന്‍, ചാരിറ്റി മിഷന്‍, എജുക്കേഷണല്‍ മിഷന്‍, ഗ്രീന്‍ വേള്‍ഡ് മിഷന്‍, മെഡിക്കല്‍ മിഷന്‍, എംപവറിംഗ് വിമന്‍, മീഡിയ മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, പീസ് ഗാര്‍ഡന്‍, ഫാമിലി കൗണ്‍സിലിംങ്, പീസ് മെഡിറ്റേഷന്‍, യൂത്ത് ഫോര്‍ യൂണിറ്റി, പീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സാമൂഹിക തിന്മയ്ക്ക് എതിരെയുള്ള ക്യാംപെയിനുകള്‍, ഡിജിറ്റല്‍ ഡി അഡിക്ഷന്‍ ക്ലോത്ത് ബാങ്ക്, അന്നവും, അറിവും ആദരവോടെ എന്ന പ്രതിദിന അന്നദാന പദ്ധതി തുടങ്ങി ഒട്ടേറെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നിയോഗ ശുദ്ധിയോടെ പൂര്‍ത്തിയാക്കി മുപ്പത്തി ഒന്നാം വര്‍ഷത്തിലേക്ക് കടന്നു വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍. അഞ്ചു ഭൂഖണ്ഡങ്ങളിലായി, 54 രാജ്യങ്ങളില്‍ ശാഖോപശാഖയായി വളര്‍ന്ന വേള്‍ഡ് പീസ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍, ലോകം മുഴുവന്‍ ഇന്ന് ആദരവോടെ നോക്കിക്കാണുന്നു. അനാഥര്‍, തെരുവു കുട്ടികള്‍, രോഗികള്‍, ദരിദ്രര്‍, നിരാലാംബരായ വിധവകള്‍, അശരണരായര്‍, ഇവരുടെ വേദനകളോട് ഹൃദയം തുറന്നു പ്രതികരിച്ചുകൊണ്ടും, അകമഴിഞ്ഞ് സഹായിച്ചു കൊണ്ടും സണ്ണി സ്റ്റീഫന്‍ നാല് പതിറ്റാണ്ട് നിശബ്ദമായി സേവനം നടത്തി.വലിയ വേദികളോ വാര്‍ത്താ തലക്കെട്ടുകളോ ഇല്ലാതെ നടന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇന്ന് ലോകത്തിന്റെ നെറുകയില്‍ കാരുണ്യത്തിന്റെ അടയാളമായി ഉയര്‍ന്നുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ മനുഷ്യ സ്‌നേഹവും, സേവന സമര്‍പ്പണവും, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യ സേവനങ്ങളുടെ മഹത്വം ,ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടിയ സംഗീതജ്ഞനായ ഈ കാരുണ്യ പ്രവര്‍ത്തകന്‍ സഞ്ചരിച്ച വഴികള്‍ ശ്രദ്ധേയമാണ്. മനുഷ്യര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനം അതിരുകള്‍ക്കപ്പുറമാണ്, അത് രാജ്യങ്ങളും മതങ്ങളും, ഭാഷകളും കടന്നു പോകുന്നു. വേള്‍ഡ് പീസ് മിഷന്‍ ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല, മാനവികതയുടെയും വിജയം തന്നെയാണ്.

അധ്യാപനത്തിലൂടെയും, മോട്ടിവേഷണല്‍ ക്ലാസുകളിലൂടെയും, സംഗീത സംവിധാനത്തിലൂടെയും, പുസ്തക വിതരണത്തിലൂടെയും, സംഗീത ആല്‍ബങ്ങളിലൂടെയും ലഭിച്ച മുഴുവന്‍ തുകയും മുടക്കിയാണ് 54 രാജ്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് സണ്ണി സ്റ്റീഫന്‍ എന്ന ഈ കാരുണ്യ സഞ്ചാരി യാത്ര ചെയ്തത്. മൂന്നു പതിറ്റാണ്ട് നിന്ദനങ്ങളും, പരിഹാസവും, ധാരാളം വേര്‍തിരിവുകളുമുണ്ടായിട്ടും, ആരോടും പരിഭവമില്ലാതെ പ്രതിഷേധങ്ങളും, പ്രതികാരവുമില്ലാത്ത സ്വാര്‍ത്ഥതകൂടാതെ സ്‌നേഹിച്ചും, പങ്കുവെച്ചും ജീവിതം അടയാളപ്പെടുത്തിയ ഈ മനുഷ്യസ്‌നേഹി കാലത്തിനപ്പുറം സഞ്ചരിക്കുന്നു. ലോകത്തിന് മാതൃകയായ മനുഷ്യത്വത്തിന്റെ പ്രത്യക്ഷ രൂപമാണ് ഡോ. സണ്ണി സ്റ്റീഫന്‍.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് അംബാസിഡര്‍ ശ്രീ. ടി. പി. ശ്രീനിവാസനാണ്. അവാര്‍ഡുകള്‍ വിതരണം ചെയ്തത് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫാണ്. സമാപന സമ്മേളനത്തില്‍ വേള്‍ഡ് പീസ് അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു .വിശ്വശാന്തി ( വേള്‍ഡ് പീസ്) അവാര്‍ഡ് ലഭിച്ചത് യു.എസ് ഗവ. സീനിയര്‍ എക്‌സിക്യൂട്ടീവ് റവ ഫാ. അലക്‌സാണ്ടര്‍ കുര്യനാണ്. ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഫ്‌ലോറിഡയിലുള്ള ശ്രീ. ജോണ്‍ ടൈറ്റസിനു ലഭിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് ദയ ബായിക്ക് വിമന്‍ എംപവര്‍മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

തുടര്‍ന്ന് വേള്‍ഡ് പീസ് മിഷന്റെ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡും വിതരണം ചെയ്തു. ശ്രീ. സിജോ വടക്കന്‍ (ഓസ്റ്റിന്‍) പട്ടിണി പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന ആഫ്രിക്കയിലുള്ള സന്യാസിനി സിസ്റ്റര്‍ മേലോമ (റുവാന്‍ഡാ &കെനിയ) ആരോഗ്യരംഗത്ത് മാതൃകാപരമായ സേവനങ്ങള്‍ നല്‍കുന്ന ഡോ. ജയകുമാര്‍ ടി. കെ ക്കും, കിഡ്‌നി ഫൗണ്ടേഷന്‍ സ്ഥാപിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഫാ.ഡേവിസ് ചിറമേലിനും ബിസിനസിലും കാരുണ്യപ്രവര്‍ത്തികളിലും ഒരു പോലെ ഇടപെടുന്ന ജോസ് ജോസഫ് (യൂ.എ.ഇ) ഫോക്കാനാ പ്രസിഡന്റ് ശ്രീ. സജിമോന്‍ ആന്റണിയെ സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. സൗത്ത് ആഫ്രിക്കയില്‍ തുടര്‍ച്ചയായി കാരുണ്യ പ്രവര്‍ത്തികള്‍ വഴി ആഫ്രിക്കയിലെ കുഞ്ഞ് മദര്‍ തെരേസ എന്നറിയപ്പെടുന്ന സി. സെറിന്‍ മരിയയ്ക്ക് പ്രത്യേക അവാര്‍ഡ് നല്‍കിയും വേള്‍ഡ് പീസ് മിഷന്‍ ആദരിച്ചു. എസ്.ബി.ഐ. മുന്‍ ജനറല്‍ മാനേജര്‍ ശ്രീ. പി സി തോമസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ട്രിനിറ്റി ഗ്രൂപ്പ് ഫൗണ്ടറും സി.ഇ.ഒ.യുമായ ശ്രീ. സിജോ വടക്കനാണ് ഗ്ലോബല്‍ പീസ് പാര്‍ലമെന്റ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ . യു.എസ് വേള്‍ഡ് പീസ് മിഷന്‍ ട്രഷറര്‍ ശ്രീ. മാത്യു ചാക്കോ സി. പി. എ, യു.എസ് വേള്‍ഡ് പീസ് മിഷന്‍ വൈസ് പ്രസിഡന്റ് ശ്രീമതി ഷെര്‍ളിബിജു എന്നിവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍. ഓസ്‌ട്രേലിയ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, കൂടാതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൊളും പീസ് പാര്‍ലിമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തു.