ബ്രിക്‌സ്: കാര്യങ്ങള്‍ വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍
ഡല്‍ഹി: അമേരിക്കയുടെ ഭാഗത്തുനിന്ന് തുടരുന്ന കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കും തീരുവ വര്‍ദ്ധനവിനും ഇടയില്‍ ഇന്ത്യയുടെ ബ്രിക്‌സ് നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ ഈ വര്‍ഷം അധ്യക്ഷത വഹിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ലോഗോയും വെബ്‌സൈറ്റും ഡല്‍ഹിയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആഗോള ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്രിക്‌സ് ഒരു പ്രധാന വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീകരണം, സഹകരണം, സുസ്ഥിരത, കരുത്ത് എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളെ നേരിടാന്‍ ഈ നാല് ഘടകങ്ങള്‍ അനിവാര്യമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലെ ദേശീയ മുന്‍ഗണനകള്‍ കണക്കിലെടുത്ത്, സംഭാഷണവും സഹകരണവും പ്രായോഗിക പ്രതികരണങ്ങളും പ്രോത്സാഹിപ്പിക്കുന്ന പ്രധാന വേദിയായി ബ്രിക്‌സ് തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, യുഎഇ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് വിവരം. ജനുവരി ഒന്നിനാണ് ബ്രസീലില്‍ നിന്ന് ഇന്ത്യ ഈ വര്‍ഷത്തെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സിന്റെ സ്ഥാപകാംഗങ്ങള്‍.





