ഇറാനിലെ ഇന്ത്യക്കാര്‍ അടിയന്തരമായി രാജ്യം വിടണം
ഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മുറുകുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ എംബസി. കൊമേഴ്സ്യല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഗതാഗത മാര്‍ഗങ്ങളിലൂടെ ഉടന്‍ മടങ്ങാനാണ് ബുധനാഴ്ച പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. നിലവില്‍ ഏകദേശം 10,000 ഇന്ത്യക്കാര്‍ ഇറാനിലുണ്ടെന്നാണ് എംബസിയുടെ കണക്ക്.
ഇറാനില്‍ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ സുരക്ഷാ നീക്കം. സഹായം ഉടന്‍ എത്തും എന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപ് ഉറപ്പുനല്‍കിയതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.
ലഭ്യമായ മാര്‍ഗങ്ങളിലൂടെ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനും, ഇറാനിലെ പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ എംബസിയില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.





