വരാന്‍ പോകുന്നത് കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മാറാത്തത് ഇനി മാറുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പ്രവര്‍ത്തരകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. അയ്യങ്കാളി, ശ്രീനാരായണ ഗുരു, മന്നം എന്നിവരെ പ്രസംഗത്തില്‍ അനുസ്മരിച്ച മോദി, ശ്രീ പത്മനാഭന്റെ മണ്ണില്‍ വരാനായത് സൗഭാഗ്യമായി കരുതുന്നെന്നും പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു. എല്‍ഡിഎഫും യുഡിഎഫിനും ഒരേ അജണ്ടാണുള്ളത്. അഴിമതി, വര്‍ഗീയത, പ്രീണനം എന്നിവയാണ് അവരുടെ അജണ്ട. കേരളം ഭരിക്കുന്ന ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കാതിരിക്കാമെന്നാണ് ചിന്തിക്കുന്നത്. കേരളത്തെ മാറ്റാനുള്ള തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും മോദി പറഞ്ഞു.

1987ന് മുന്‍പ് ഗുജറാത്തില്‍ ബിജെപി പരാജയങ്ങള്‍ മാത്രം ഏറ്റുവാങ്ങുന്ന ഒരു പാര്‍ട്ടിയായിരുന്നുവെന്നും പത്രങ്ങളില്‍ പോലും ഇടം നേടാന്‍ കഴിയാതിരുന്ന ആ കാലത്ത് അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ നേടിയ വിജയമാണ് വഴിത്തിരിവായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ ആ ജൈത്രയാത്രയാണ് ഇന്ന് ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തമാക്കിയത്. സമാനമായ രീതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നേടിയ വിജയത്തിലൂടെ കേരളത്തിലും ഒരു വലിയ മാറ്റത്തിന് തുടക്കമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ കേരളത്തില്‍ വരുമ്പോള്‍ ജനങ്ങളില്‍ വലിയൊരു ആവേശവും പുതിയൊരു ഊര്‍ജവും കാണാന്‍ കഴിയുന്നുണ്ടെന്നും കേരളം ഇത്തവണ വലിയൊരു പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ പോലെ കേരളത്തിലും ഒരു നഗരത്തില്‍ നിന്ന് ബിജെപിയുടെ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.