8 പത്മപുരസ്‌കാരങ്ങളുമായി കേരളം: വിഎസ്, കെ.ടി. തോമസ്: പത്മവിഭൂഷണ്‍; മമ്മൂട്ടി, വെള്ളാപ്പള്ളി: പത്മഭൂഷണ്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വിഎസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. സുപ്രീം കോടതി റി്ട്ടയേര്‍ഡ് ജസ്റ്റിസ് കെടി തോമസിനും രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും.

പി നാരായണനും പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്നു. മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടിയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതിയ്ക്ക് അര്‍ഹനായി. കലാമണ്ഡലം വിമല മേനോനും കൊല്ലക്കല്‍ ദേവകിയമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരളത്തിന് മൊത്തം എട്ട് പത്മ പുരസ്‌ക്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

നടന്‍ ധര്‍മ്മേന്ദ്രക്ക് മരണാനന്തര ബഹുമതിയായി പദ്മ വിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.2017-ല്‍ മുത്തലാഖ് നിരോധിക്കണമെന്ന സുപ്രീം കോടതി ബെഞ്ചിന്റെ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച മുന്‍ ചീഫ് ജസ്റ്റിസ് (റിട്ടയേര്‍ഡ്) ജഗദീഷ് സിങ് ഖെഹാറിനേയും രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും.

കര്‍ണാടകയില്‍ നിന്നുള്ള അങ്കെ ഗൗഡ, മഹാരാഷ്ട്രയില്‍ നിന്നുള്ള അര്‍മിദ ഫെര്‍ണാണ്ടസ്, മധ്യപ്രദേശില്‍ നിന്നുള്ള ഭഗവദാസ് റായ്ക്വാര്‍, ജമ്മു കശ്മീരില്‍ നിന്നുള്ള ബ്രിജ് ലാല്‍ ഭട്ട്, ഛത്തീസ്ഗഡില്‍ നിന്നുള്ള ബുദ്രി താട്ടി, ഒഡീഷയില്‍ നിന്നുള്ള ചരണ്‍ ഹെംബ്രാം, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിരഞ്ചി ലാല്‍ യാദവ്, ഗുജറാത്തില്‍ നിന്നുള്ള ധാര്‍മിക്ലാല്‍ തുടങ്ങി നിരവധി പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രോഹിത് ശര്‍മ്മ, വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ വിജയകുമാര്‍, നടന്‍ മാധവന്‍ തുടങ്ങി 113 പേര്‍ക്ക് പത്മശ്രീ നല്‍കി രാജ്യം ആദരിക്കും. വിവിധ മേഖലകളില്‍ നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പ്രമുഖ വ്യക്തിത്വങ്ങളെ പത്മ പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കുന്നത്.