ഇറ്റലിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മലയാളികളുടെ സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം ശ്രദ്ധേയമായി
ജെജി മാന്നാര്‍
റോം: ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയുടെ റോമിലെ ആസ്ഥാനത്ത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡര്‍ ഹേര്‍ എസ്സിലന്‍സി വാണി റാവു, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗൗരവ് ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ മലയാളികളുടെ സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം വേറിട്ട അനുഭവമായി.
വന്ദേമാതരം എന്ന ദേശഭക്തി ഗീതത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് വന്ദേമാതരം ആലപിച്ചാണ് സംഘം ചടങ്ങില്‍ ആവേശം നിറച്ചത്.
സംഗീതത്തിലൂടെ പ്രവാസി സമൂഹത്തെ കൂട്ടിയിണക്കാനും, ഇന്ത്യന്‍ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും, പുതിയ കലാകാരന്മാരെ കണ്ടെത്താനുമുള്ള കൂട്ടായ്മ കൂടിയാണ് സ്ട്രിങ്‌സ് മ്യൂസിക് ബാന്‍ഡ്. കൊവിഡിന്റെ കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് എക്‌സലന്റ് ഇവന്റ്‌സ് ജസ്റ്റിന്‍ പന്തല്ലൂക്കരനും പരേതനായ സജി തട്ടിലും നല്‍കിയ പിന്തുണയുമായി ഫ്രെനിഷ് കരിപ്പേരി സ്ഥാപിച്ച ഈ ബാന്‍ഡില്‍ നീതു ബാബു, മനീഷ മനോജ്, ജോഷ്ന ജോസ്, ശില്‍പ ചന്ദ്രന്‍, ബിനോയ് തോമസ്, ദീപു ദോസ്, ലിപ്‌സണ്‍ സ്റ്റാന്‍ലി, ഹരികൃഷ്ണന്‍, അനന്തകൃഷ്ണന്‍, റിക്സണ്‍ ലോറെന്‍സ്, വിപിന്‍ വേളി തുടങ്ങിയവരാണ് പ്രധാനികള്‍.
ഇതിനോടകം ഇറ്റലിയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുപതിലധികം സ്റ്റേജ്ഷോകള്‍ അവതരിപ്പിച്ച സ്ട്രിങ്‌സ് റോമാ, ഇറ്റലിയിലെ ഇന്ത്യന്‍ യുവതലമുറയ്ക്ക് രാജ്യത്തിന്റെ സമ്പന്നമായ സംഗീത പാരമ്പര്യം മനസ്സിലാക്കാനും അതിനെ മുന്നോട്ടു കൊണ്ടുപോകാനും സഹായിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തവും സാംസ്‌കാരിക പ്രതിബദ്ധതയുമാണ് ലക്ഷ്യമിടുന്നത്.









