രാജ്യത്തെ ആദായനികുതി നിയമത്തില്‍ വന്‍ അഴിച്ചുപണി: കേന്ദ്ര ബജറ്റ് 2026

ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി പുതിയ നികുതി നിയമം ഉടന്‍ വിജ്ഞാപനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഐ.ടി.ആര്‍ ഫോമുകള്‍ പൂര്‍ണ്ണമായും പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.

പുതിയ മാറ്റങ്ങള്‍ നികുതി സമര്‍പ്പണത്തിലെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും, റിഫണ്ടുകള്‍ വേഗത്തിലാക്കാനും സഹായിക്കും. ആനുകൂല്യങ്ങള്‍, മൂലധന നേട്ട നികുതി, ഇളവുകള്‍ എന്നിവയിലെ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് നികുതിദായകര്‍.

1961-ലെ നിയമത്തിന് വിട

ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരം ‘ഇന്‍കം ടാക്സ് ആക്ട് 2025’ ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. പുതിയ നിയമത്തില്‍ നികുതി നിരക്കുകളില്‍ മാറ്റമില്ലെങ്കിലും, നിയമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ 50 ശതമാനത്തോളം കുറച്ചിട്ടുണ്ട്.

മാറ്റങ്ങള്‍ ഇങ്ങനെ

ഏകീകൃത നികുതി വര്‍ഷം: മുന്‍വര്‍ഷം , അസസ്‌മെന്റ് വര്‍ഷം എന്നിങ്ങനെയുള്ള തരംതിരിവ് ഒഴിവാക്കി ടാക്സ് ഇയര്‍ എന്ന ഏകീകൃത രീതി കൊണ്ടുവന്നു.
Also Read:വികസിത് ഭാരത് ലക്ഷ്യം; 2026 കേന്ദ്ര ബജറ്റിലെ 20 പ്രധാന പ്രഖ്യാപനങ്ങള്‍

ടി.ഡി.എസ് റീഫണ്ട്: റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലും പിഴയില്ലാതെ തന്നെ ടി.ഡി.എസ് റീഫണ്ട് അനുവദിക്കും.നിയമത്തിലെ അവ്യക്തതകള്‍ നീക്കുന്നതിലൂടെ നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
റിട്ടേണ്‍ തിരുത്താന്‍ ഇനി മാര്‍ച്ച് 31 വരെ സമയം

നേരത്തെ ഡിസംബര്‍ 31 വരെ മാത്രം അനുവദിച്ചിരുന്ന പുതുക്കിയ റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയം ഇനി മുതല്‍ മാര്‍ച്ച് 31 വരെ നീട്ടി.

ചെറിയൊരു ഫീസ് അടച്ച് പിഴവുകള്‍ തിരുത്താന്‍ ഇതിലൂടെ സാധിക്കും. സാലറി ലഭിക്കുന്നവര്‍ക്കും ഫ്രീലാന്‍സര്‍മാര്‍ക്കും ഇത് വലിയ ആശ്വാസമാകും.

സമയപരിധി

സാധാരണ നികുതിദായകര്‍ (ITR-1, ITR-2 ഫയല്‍ ചെയ്യുന്നവര്‍) റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയി തന്നെ തുടരും. എന്നാല്‍ ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ഒരു മാസത്തെ അധിക സമയം അനുവദിച്ചു.

ഇവര്‍ക്ക് ഓഗസ്റ്റ് 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം.ചെറുകിട സംരംഭകരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.