കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വില കൂടും ; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കുന്നത് തരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വിലകൂടാന്‍ കാരണമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ കോവിഡ് മരുന്നുകള്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയതാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.അതേസമയം കോവിഡ് ചികിത്സയ്ക്കുവേണ്ട 23 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

വാക്സിന്‍ ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാക്സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ധനമന്ത്രി രംഗത്തെത്തിയത്. രാജ്യത്ത് റെഡ് ക്രോസ് ഇറക്കുമതി ചെയ്യുന്ന എല്ലാ കോവിഡ് ദുരിതാശ്വാസ വസ്തുക്കളിലും ഇന്റഗ്രേറ്റഡ് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.രാജ്യത്ത് സൗജന്യമായി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഐജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്. ഇവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി വാണിജ്യ ഇറക്കുമതിക്ക് ക്സറ്റംസ് തീരുവ, ആരോഗ്യ സെസ്, എന്നിവയില്‍ പൂര്‍ണ ഇളവ് നല്‍കിയിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

റെംഡെവിസിര്‍ മരുന്ന്, അതിന്റെ എപിഐപികള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, ഓക്സിജന്‍ തെറാപ്പി സംബന്ധമായ ഉപകരണങ്ങള്‍, ഓക്സിജന്‍ കോണ്‍ സെന്‍ട്രേറ്ററുകള്‍, ക്രയോജനിക് ട്രാന്‍സ്പോര്‍ട്ട് ടാങ്കറുകള്‍, കോവിഡ് വാക്സിനുകള്‍ തുടങ്ങിയവയ്ക്ക്ും സൗജന്യ വിതരണത്തിനായി ലഭിച്ച തോവിഡ് ചികിത്സ സംബന്ധിച്ച ഉപകരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഐജിഎസ്ടി ഓഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. ഈ ഇളവ് സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച നോഡല്‍ അധികാരികള്‍ക്ക് വിധേയമാണ്. ഇത്തരം ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏതെങ്കിലും സ്ഥാപനം, ദുരിതാശ്വാസ ഏജന്‍സികള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കുന്നു. ഈ സാമഗ്രികള്‍ സംസ്ഥാന സര്‍ക്കാരിനോ അല്ലെങ്കില്‍ റിലീഫ് ഏജന്‍സി സ്റ്റാറ്റിയൂട്ടറി ബോഡിയിലോ ഇറക്കുമതി ചെയ്യാന്‍ കഴിയും.